ബംഗളൂരു: പ്രതി ഇരയെ പിന്നീട് വിവാഹം കഴിച്ചാലും പോക്സോ കേസ് ഒഴിവാക്കാനാവില്ലെന്ന് കർണാടക ഹൈകോടതി. തങ്ങൾ വിവാഹിതരായെന്നും ഒരു കുട്ടിയുണ്ടെന്നും പോക്സോ കേസിലെ നടപടികൾകൊണ്ട് പ്രയോജനമില്ലെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും ഇരയും ചേർന്ന് നൽകിയ ഹരജിയിലാണ് ഹൈകോടതി നിലപാട് വ്യക്തമാക്കിയത്.
കുറ്റകൃത്യത്തിെൻറ ഗൗരവവും സാമൂഹികാഘാതവും കണക്കിലെടുത്താൽ കോടതിക്ക് കേസ് തള്ളിക്കളയാനാവില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാണിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തിയത്.
വിജയപുര ജില്ലയിലെ ബസവന ബാഗെവാഡി കോടതിയുടെ പരിഗണനയിലുള്ള ബലാത്സംഗക്കേസ് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പ്രതിയും ഇരയും ഹൈകോടതിയിലെ കലബുറഗി ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ശാരീരികബന്ധം നടക്കുേമ്പാൾ തനിക്ക് 19 വയസ്സുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നപോലെ പ്രായപൂർത്തിയാകാത്ത കുട്ടിയായിരുന്നില്ലെന്നും പെൺകുട്ടി വാദിച്ചെങ്കിലും ജസ്റ്റിസ് എച്ച്.പി. സന്ദേശിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് വാദം പരിഗണിച്ചില്ല.
ഇരയായ പെൺകുട്ടി പ്രായപൂർത്തിയായോ ഇല്ലയോ എന്നത് വിചാരണ കോടതിയുടെ പരിധിയിലാണ് വരേണ്ടതെന്നും പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ െഎ.പി.സി 376 (ബലാത്സംഗം) പ്രകാരം കുറ്റകൃത്യം നടന്നാൽ അനുമതിയോടെയാണോ അല്ലയോ എന്നത് പരിശോധിക്കേണ്ടതില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
സി.ആർ.പി.സി 320 പ്രകാരം നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഇരുപാർട്ടിയും ഒത്തുതീർപ്പിലെത്തിയാൽ സി.ആർ.പി.സി 482 ാം വകുപ്പ് ഉപയോഗിച്ച് ക്രിമിനൽ കോടതിക്ക് കേസ് ഒഴിവാക്കാനാവും. എന്നാൽ, ഇൗ കേസ് അതിൽനിന്ന് വ്യത്യസ്തമാണെന്നും പോക്സോ കേസിൽ പ്രതി കുറ്റം സമ്മതിച്ച സ്ഥിതിക്ക് ഒത്തുതീർപ്പ് സാധ്യമെല്ലന്നും കോടതി ചൂണ്ടിക്കാട്ടി. കേസിെൻറ ഗൗരവവും സാമൂഹികാഘാതവും കണക്കിലെടുത്താണ് സി.ആർ.പി.സി 482ാം വകുപ്പ് പ്രയോഗിക്കേണ്ടതെന്ന് സുപ്രീംകോടതി നിർദേശിച്ച കാര്യവും ജസ്റ്റിസ് സന്ദേശ് ഒാർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.