ബംഗളൂരു: പറന്നിറങ്ങുന്ന യാത്രക്കാർക്ക് പാതകളിലൂടെ പറക്കാൻ കർണാടക ആർ.ടി.സി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ആവിഷ്കരിച്ച ആഡംബര ഫ്ലൈ ബസ് സർവിസ് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഇനിയും തുടങ്ങാനായില്ല. കുടക്, മൈസൂരു എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈ ബസ് സർവിസ് നടത്താൻ രണ്ടുവർഷം മുമ്പാണ് കർണാടക ആർ.ടി.സി തീരുമാനിച്ചത്. ഈ ഭാഗങ്ങളിലെ യാത്രക്കാർക്ക് ബംഗളൂരുവിനേക്കാൾ അടുത്താണ് കണ്ണൂർ വിമാനത്താവളം.
അത്യാധുനിക സൗകര്യങ്ങളുള്ള മൾട്ടി ആക്സിൽ വോൾവോ എ.സി ബസുകളാണ് പാതകളിൽ അതിവേഗം സഞ്ചരിക്കുക. ശൗചാലയം, ലെതർസീറ്റ്, വിമാനങ്ങളുടെ വരവും പോക്കും സമയം കാണിക്കുന്ന ഡിസ്പ്ലേ, ജി.പി.എസ് സംവിധാനം, പാൻട്രി കാർ എന്നിവയാണ് ഫ്ലൈ ബസിലെ സംവിധാനങ്ങൾ.
കഴിഞ്ഞവർഷം ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മൈസൂരുവിലേക്കാണ് ആദ്യ ഫ്ലൈ ബസ് സർവിസ് ആരംഭിച്ചത്. നിലവിൽ ഇവിടെനിന്ന് മൈസൂരു, മടിക്കേരി, കുന്താപുരം എന്നിവിടങ്ങളിലേക്ക് സർവിസുണ്ട്. മൈസൂരുവിലേക്ക് 865 രൂപയാണ് ടിക്കറ്റ് നിരക്ക്. വിമാനം ഇറങ്ങുന്ന യാത്രക്കാരെ ലക്ഷ്യംവെച്ചുള്ളതാണ് സർവിസ്. സ്റ്റോപ്പുകൾ കുറവായതിനാൽ വേഗത്തിൽ ലക്ഷ്യത്തിലെത്താം.
കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈ ബസ് ആവശ്യപ്പെട്ട് കുടക് പാസഞ്ചേഴ്സ് ഫോറം കർണാടക ആർ.ടി.സി.ക്ക് കത്തയച്ചിരുന്നു. കണ്ണൂർ വിമാനത്താവളം അധികൃതരും കർണാടക ആർ.ടി.സിയോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് റൂട്ട് സർവേ നടത്തി സർവിസ് നടത്താനുള്ള സന്നദ്ധത കർണാടക അറിയിച്ചെങ്കിലും കേരളവുമായി കരാറിലെത്താൻ സാധിച്ചില്ലെന്നാണ് അറിവ്.
നിലവിലുള്ള ബസുകളുടെ പെർമിറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് സർവിസ് നടത്താൻ സാധിക്കില്ലെന്ന് കർണാടക ആർ.ടി.സി അധികൃതർ പറഞ്ഞു. ഈ റൂട്ടിൽ ഫ്ലൈ ബസ് സർവിസ് ആരംഭിച്ചാൽ വിരാജ്പേട്ട്, മടിക്കേരി, ഗോണിക്കുപ്പ, കുശാൽനഗർ ഭാഗങ്ങളിലെ യാത്രക്കാർക്ക് വേഗത്തിലും സൗകര്യപ്രദമായും കണ്ണൂർ വിമാനത്താവളത്തിലെത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.