ബംഗളൂരു: സംസ്ഥാനത്തെ ആറു മെഡിക്കൽ കോളജുകളുടെ അംഗീകാരം റദ്ദാക്കിയതോടെ ഇൗ അധ്യയനവർഷം നഷ്ടമായത് 770 മെഡിക്കൽ സീറ്റ്. കഴിഞ്ഞവർഷം 54 മെഡിക്കൽ കോളജുകളിലായി 6690 മെഡിക്കൽ സീറ്റാണ് കർണാടകയിലുണ്ടായിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി ഇൗ വർഷം ആറു കോളജുകളിലെ പ്രവേശനം മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.െഎ) തടഞ്ഞതോടെയാണ് ഇൗ അധ്യയനവർഷം 48 കോളജുകളിൽ 5920 സീറ്റായി ചുരുങ്ങിയത്. മലയാളി വിദ്യാർഥികൾ ഏറെ ആശ്രയിക്കുന്ന കർണാടകയിലെ മെഡിക്കൽ കോളജുകളിൽ ഇത്തവണ ബിരുദപഠനത്തിന് ഒേട്ടറെ പേർക്ക് അവസരമില്ലാതാകും.
അതേസമയം, സംസ്ഥാനത്തെ ഡെൻറൽ സീറ്റുകളിൽ ഇൗ വർഷം വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 40 ഡെൻറൽ കോളജുകളിലായി 2308 സീറ്റാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ 38 കോളജുകളിലായി 2754 സീറ്റാണുള്ളത്. 446 സീറ്റ് ഇൗ വിഭാഗത്തിൽ അധികം അനുവദിച്ചു. എൻജിനീയറിങ് സീറ്റുകളുടെ എണ്ണത്തിൽ തിങ്കളാഴ്ചയോടെ തീരുമാനമാവുമെന്നറിയുന്നു. ഇതുവരെ 16,942 സീറ്റുകളുടെ വിവരമാണ് കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എൻജിനീയറിങ് സീറ്റുകളിലെ പ്രവേശന നടപടികൾ ജൂലൈ അവസാനത്തോടെ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, ആദ്യഘട്ട സീറ്റ് അലോട്ട്മെൻറ് വൈകിയതിനാൽ പ്രവേശന നടപടികൾ ഇൗമാസം പൂർത്തിയാക്കുമെന്ന് ഉറപ്പില്ല.
ഇത്തവണ മെഡിക്കൽ, ഡെൻറൽ അലോട്ട്മെൻറ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം എൻജിനീയറിങ് സീറ്റുകളിൽ അലോട്ട്മെൻറ് അനുവദിക്കും. 2018ലെ നീറ്റ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്ത വിദ്യാർഥികൾ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി മെഡിക്കൽ, ഡെൻറൽ കോഴ്സ് ഒാപ്ഷൻ നൽകണമെന്ന് കെ.ഇ.എ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.