വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

ബംഗളൂരു: കോടികളുടെ അനധികൃത പണമിടപാട് കേസിൽ പങ്കുണ്ടെന്ന ആരോപണത്തിൽ കർണാടക എസ്.ടി ക്ഷേമ മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു. രാജിക്കത്ത് ബി. നാ​ഗേന്ദ്ര മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറി. സംഭവത്തിൽ പ്രതിപക്ഷമായ ബി.ജെ.പി ഇന്ന് പ്രതിഷേധിച്ചിരുന്നു. വാത്മീകി കോർപറേഷൻ അഴിമതിക്കേസിലാണ് നാഗേന്ദ്രക്കെതിരെ ആരോപണമുയർന്നത്. ഗോത്രവികസനത്തിനായി രൂപീകരിച്ച കോർപറേഷന് കീഴിൽ ഉള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്.

മേയ് 28ന് ശിവമൊഗ്ഗയിലെ സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യക്കു ശേഷമാണ് അഴിമതി വിവരം പുറത്തുവന്നത്. കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കോർപറേഷന്റെ എം.ഡി ജെ.ജി. പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.

അഞ്ചുപേജുള്ള തന്റെ മരണക്കുറിപ്പിൽ ചന്ദ്രശേഖർ മേലുദ്യോഗസ്ഥരുടെയും മന്ത്രിയുടെയും പേര് പരാമർശിച്ചിരുന്നു. തുടർന്ന് ഇതെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കുകയുണ്ടായി. മുഖ്യമന്ത്രി സിദ്ധരാമയ്യ കേസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉദ്യോഗസ്ഥരിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.ടി ക്ഷേമത്തിന് വേണ്ടിയുള്ള 187 കോടിയിൽ 90 കോടി രൂപ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാൻ വാക്കാൽ മന്ത്രി നിർദേശം നൽകിയെന്നായിരുന്നു ആരോപണം.

കോർപറേഷൻ മാനേജിങ് ഡയറക്ടർ ജെ.ജി. പത്മനാഭ്, അക്കൗണ്ട്‌സ് ഓഫിസർ പരശുറാം ജി.ദുരുകണ്ണവർ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ സുചിസ്മിത റാവൽ എന്നിവരുടെ പേരുകളായിരുന്നു ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.

Tags:    
News Summary - Karnataka Minister resigns after allegations in illegal money transfer case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.