ബംഗളൂരു: കർണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ട് മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ താൻ 30 ജില്ലകളിലും സന്ദർശനം നടത്തിയിരുന്നതായും അടുത്തിടെ താനുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കോവിഡ് ബാധിച്ച് മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി ബി. ശ്രീരാമുലു ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച് മുതിർന്ന ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു.
കർണാടകയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രണ്ടാഴ്ച മുമ്പ് മന്ത്രി ശ്രീരാമുലു വിവാദ പ്രസ്താവന നടത്തി വെട്ടിലായിരുന്നു. 'കർണാടകക്ക് ഇനി ദൈവം മാത്രം തുണ' എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ അന്നത്തെ കമൻറ്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ യെദിയൂരപ്പ സർക്കാറിന്റെ വീഴ്ചയാണ് ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയിൽ തെളിഞ്ഞതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശം. പ്രസ്താവന വിവാദമായതോടെ, ദൈവത്തിന്റെ അനുഗ്രഹം തേടുകയാണ് താൻ ചെയ്തതെന്നും മാധ്യമങ്ങൾ തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
ശനിയാഴ്ച 7178 പേർക്ക് കോവിഡ് സ്ഥിരീകരിച്ച കർണാടകയിൽ ആകെ രോഗികളുടെ എണ്ണം 1,72,102 ൽ എത്തി. ഇതുവരെ 3091 പേരാണ് മരണത്തിന് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.