ബംഗളൂരു: കടുത്ത പ്രതിഷേധങ്ങൾക്കിടെ, ഹിന്ദുത്വ അജണ്ട ലക്ഷ്യമിട്ട് കർണാടകയിലെ ബി.ജെ.പി സർക്കാർ േഗാവധ നിരോധന -കന്നുകാലി സംരക്ഷണ ബിൽ (2020) നിയമസഭയിൽ ശബ്ദ വോട്ടോടെ പാസാക്കി. ആട് ഒഴികെ പശു, കാള, പോത്ത് അടക്കമുള്ള എല്ലാത്തരം കന്നുകാലികളെയും കശാപ്പിനായി വിൽക്കുന്നതും അറക്കുന്നതും ഇറച്ചി കയറ്റുമതി-ഇറക്കുമതി ചെയ്യുന്നതും മറ്റു സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നതും നിരോധന പരിധിയിൽ വരുന്ന ബില്ലാണ് അവതരിപ്പിച്ചത്. ചർച്ച നടത്താതെ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് സഭാനടപടികൾ ബഹിഷ്കരിച്ചു.
നിയമത്തിനെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിെൻറ തീരുമാനം. വ്യാഴാഴ്ച നിയമ നിർമാണ കൗൺസിലിലും ബിൽ പാസായശേഷം ഗവർണർ അംഗീകാരം നൽകിയാൽ സർക്കാരിന് വിജ്ഞാപനമിറക്കാം. ജെ.ഡി.എസ് വിട്ടുനിൽക്കുകയോ പിന്തുണക്കുകയോ ചെയ്താൽ ബി.ജെ.പിക്ക് നേരിയ ഭൂരിപക്ഷം മാത്രമുള്ള നിയമ നിർമാണ കൗൺസിലിലും ബിൽ പാസാകും. നിയമത്തിൽ കന്നുകാലി എന്ന പ്രയോഗത്തിെൻറ നിർവചനത്തിൽ 13 വയസ്സിന് താഴെയുള്ള നാൽക്കാലി എന്നാണ് വിശദീകരിച്ചിരിക്കുന്നത്. അതേസമയം കശാപ്പ് ചെയ്ത നാൽക്കാലിയുടെ വയസ്സ് തെളിയിക്കാൻ കഴിയാതിരിക്കുന്നേടത്തോളം അത് കുറ്റകൃത്യമായി പരിഗണിക്കപ്പെടും.
നിയമം പ്രാബല്യത്തിലായാൽ കേരളത്തിലേക്കുള്ള കന്നുകാലി വരവിനെയും പ്രതികൂലമായി ബാധിക്കും. കടുത്ത ശിക്ഷയാണ് നിയമം നൽകുന്നത്.
കുറ്റവാളികൾക്ക് മൂന്നുവർഷം മുതൽ ഏഴുവർഷം വരെ തടവും അര ലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും നൽകുന്നതാണ് നിയമം. വീണ്ടും കുറ്റം ആവർത്തിച്ചാൽ ലക്ഷം രൂപ മുതൽ പത്തുലക്ഷം രൂപ വരെ പിഴയും ഏഴുവർഷം വരെ തടവും ശിക്ഷ ലഭിക്കും. എസ്.ഐ റാങ്കിലുള്ള പൊലീസുകാർക്ക് റെയ്ഡ് നടത്താനുള്ള അനുമതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.