കർണാടകയിൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി ഹിന്ദുത്വ പ്രവർത്തകർ; അധികൃതർക്ക് ഭീഷണി

ബംഗളൂരു: കർണാടകയിൽ ക്രിസ്ത്യൻ പള്ളികൾക്കുനേരെയുള്ള ആക്രമണം തുടരുന്നതിനിടെ, സ്കൂളിലെ ക്രിസ്മസ് ആഘോഷവും തടസ്സപ്പെടുത്തി ഹിന്ദുത്വ പ്രവർത്തകർ. മാണ്ഡ്യ ജില്ലയിലെ നിർമല ഇംഗ്ലീഷ് ഹൈസ്കൂൾ ആൻഡ് കോളജിൽ നടന്ന ക്രിസ്മസ് ആഘോഷമാണ് ഹിന്ദുത്വ പ്രവർത്തകർ തടസ്സപ്പെടുത്തിയത്.

ബലമായി സ്കൂളിനകത്തേക്ക് പ്രവേശിച്ച പ്രവർത്തകർ, ആഘോഷം തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രധാനാധ്യാപിക കനിക ഫ്രാൻസിസ് മേരി പറഞ്ഞു. എല്ലാവർഷവും സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാറുണ്ട്. കോവിഡ് നിയന്ത്രണം കാരണം ഇത്തവണ ആഘോഷം ഒഴിവാക്കാനാണ് തീരുമാനിച്ചത്. എന്നാൽ, കുട്ടികൾ നിർബന്ധിച്ചതിനാൽ ചെറിയ രീതിയിൽ നടത്താൻ അനുമതി നൽകി. വിദ്യാർഥികൾ സ്വന്തം നിലയിൽ പണം പിരിച്ചെടുത്ത് കേക്ക് വാങ്ങി. ഒരു രക്ഷിതാവ് മാത്രമാണ് എതിർത്തതെന്നും പ്രധാനാധ്യാപിക കൂട്ടിച്ചേർത്തു.

സ്കൂളിൽ ക്രിസ്ത്യൻ ആഘോഷങ്ങൾ മാത്രമാണ് നടത്താറുള്ളതെന്നും ഹിന്ദു ആഘോഷങ്ങൾ സംഘടിപ്പിക്കാറില്ലെന്നും പറഞ്ഞ് രക്ഷിതാക്കളിലൊരാളാണ് വിവരം ഹിന്ദുത്വ സംഘടനകളെ അറിയിച്ചത്. പിന്നാലെ പ്രവർത്തകർ സ്കൂളിലെത്തി ആഘോഷം തടയുകയും അധികൃതരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്തുകൊണ്ടാണ് ഹിന്ദു ആഘോഷങ്ങൾ സ്കൂളിൽ നടത്താത്തതെന്ന് വീഡിയോയിൽ ഒരാൾ ചോദിക്കുന്നുണ്ട്.

സരസ്വതി ദേവിയുടെ ചിത്രം സ്ഥാപനത്തിനു മുന്നിൽ തൂക്കിയിടുമെന്നും വിനായക ചതുർഥി സ്കൂളിൽ ആഘോഷിക്കണമെന്നും പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി. സ്ഥാപനത്തിൽ മതപരിവർത്തനം നടത്തുന്നതായും അവർ ആരോപിച്ചെന്ന് പ്രധാനാധ്യാപിക കൂട്ടിച്ചേർത്തു. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം ചിക്കബെല്ലാപുരിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ഹിന്ദുത്വ പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു.

Tags:    
News Summary - Karnataka School's Christmas Celebrations Stopped By Right-Wing Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.