ബംഗളൂരു: കർണാടക ചാമരാജ് നഗർ ജില്ലയിലെ വീരാഞ്ജനേയ ക്ഷേത്രത്തിൽ യേശുവിന് പൂജയർപ്പിക്കാൻ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടെന്ന പ്രചാരണം നുണയാണെന്ന് കർണാടക പൊലീസ്. കേരളത്തോട് അതിർത്തി പങ്കിടുന്ന ചാമരാജ് നഗറിലെ മലയാളി എസ്.പി ദിവ്യ സാറ തോമസിനെതിരെയാണ് ട്വിറ്ററിൽ നുണപ്രചാരണം നടന്നത്. ട്വീറ്റ് വൈറലായതോടെ ഔദ്യോഗിക വിശദീകരണവുമായി കർണാടക പൊലീസ് രംഗത്തെത്തി. കൊല്ലഗലിലെ ഗണപതി ക്ഷേത്രം എസ്.പി ദിവ്യ സാറ തോമസ് സന്ദർശിച്ചെന്നും ശ്രീകോവിലിൽ യേശുവിന്റെ ചിത്രം വെച്ച് പൂജാരിയോട് പൂജയർപ്പിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് നിഷാന്ത് ആസാദ് എന്നയാൾ ട്വീറ്റ് ചെയ്തത്. ക്ഷേത്രത്തിനകത്ത് എസ്.പി നിൽക്കുന്നതിന്റെയും യേശുവിന്റെ ചിത്രം പൂജാരി ശ്രീകോവിലിൽ വെച്ചതിന്റെ യും ചിത്രങ്ങളും ഇയാൾ ട്വീറ്റിൽ പങ്കുവെച്ചു.
ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ സീനിയർ കറസ്പോണ്ടൻറ് എന്നാണ് ഇയാൾ പ്രൊഫൈലിൽ പരിചയപ്പെടുത്തുന്നത്. പ്രവാചക നിന്ദ പോസ്റ്റിനെ തുടർന്ന് ആഗസ്റ്റ് 11ന് രാത്രി ബംഗളൂരു ഈസ്റ്റ് മേഖലയിൽ പ്രതിഷേധവും അക്രമവും വെടിവെപ്പും നടന്നതിന് പിന്നാലെ 12ന് രാവിലെ 8.27നാണ് ഇയാളുടെ വിവാദ ട്വീറ്റ്. എസ്.പിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, എസ്.പിക്കെതിരായ ആരോപണങ്ങൾ കർണാടക പൊലീസ് നിഷേധിച്ചു. എസ്.പി ദിവ്യ സാറ തോമസ് ഒരു ചിത്രവും ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും എസ്.പിയെ സ്വീകരിക്കാൻ ക്ഷേത്രത്തിൽ നടത്തിയ ചടങ്ങിന്‍റെ ചിത്രങ്ങൾ നുണപ്രചാരണത്തിനായി ചിലർ ഉപയോഗിക്കുകയായിരുന്നെന്നും പൊലീസ് വാർത്താകുറിപ്പിൽ അറിയിച്ചു.സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി ക്ഷേത്രപൂജാരി രാഘവൻ ലച്ചു നൽകിയ വിഡിയോ സന്ദേശം കർണാടക പൊലീസ് ഔദ്യോഗിക വെബ്ൈസറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിനായി പൂജ നടന്ന ദിവസം കൊല്ലഗൽ ആഞ്ജനേയ ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തിയിരുന്നുവെന്നും അന്നേദിവസം കൊല്ലഗലിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ എസ്.പിയെ ജനങ്ങൾ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിഥികൾക്ക് ഹിന്ദുദൈവങ്ങളുടെ പ്രതിമകൾ പൂജിച്ച് സമ്മാനിക്കുന്നത് ക്ഷേത്രത്തിലെ പതിവാണ്. എസ്.പി ക്രിസ്ത്യൻ വിശ്വാസിയായതിനാൽ ആരോ യേശുവിന്റെ ചിത്രം കൊണ്ടുവന്നു നൽകി. പൂജകൾക്കുശേഷം ഹിന്ദുദൈവങ്ങളുടെ പ്രതിമകൾക്കൊപ്പം യേശുവിെൻറ ചിത്രവും എസ്.പിക്ക് സമ്മാനിച്ചു. ക്ഷേത്രഭാരവാഹികളാണ് യേശുചിത്രം അവർക്ക് നൽകാൻ തീരുമാനിച്ചത്.അല്ലാതെ എസ്.പി നിർബന്ധിച്ചതല്ല. അതാരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും പൂജാരി പറഞ്ഞു. യേശുവിന്റെചിത്രം മറ്റൊരു ഭക്തനാണ് കൊണ്ടുവന്നതെന്ന് പൊലീസും വ്യക്തമാക്കി.
2013ലെ കർണാടക ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ദിവ്യ സാറ തോമസ് കഴിഞ്ഞ മാസമാണ് ചാമരാജ് നഗർ എസ്.പിയായി ചുമതലയേറ്റത്. ജില്ലയുടെ ആദ്യ വനിതാ എസ്.പി കൂടിയാണ് ദിവ്യ. വൈകിയാണ് സാമൂഹിക മാധ്യമങ്ങളിലെ നുണപ്രചാരണം ശ്രദ്ധയിൽപെട്ടതെന്നും സംഭവം തന്നെ ഏറെ വേദനിപ്പിച്ചതായും ദിവ്യ സാറ തോമസ് പ്രതികരിച്ചു. ബോധപൂർവം സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിക്കുന്നത്. താൻ ക്രിസ്ത്യനും തെൻറ ഭർത്താവ് ഹിന്ദുവുമാണെന്ന് ചൂണ്ടിക്കാട്ടിയ എസ്.പി, ജനസേവനത്തിനിടെയുള്ള കല്ലേറിനെയും പൂച്ചെണ്ടിനെയും ഒരുപോലെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
കർണാടക പൊലീസിന്‍റെ നിഷേധക്കുറിപ്പിന് പിന്നാലെ തെൻറ പോസ്റ്റിലെ തെറ്റ് സമ്മതിച്ച് വെള്ളിയാഴ്ച രാത്രി 10.01ന് നിഷാന്ത് ആസാദ് ട്വീറ്റ് ചെയ്തു. അങ്ങനെയൊരു സംഭവം നടന്നതായി തനിക്കു വിവരം കൈമാറിയയാൾ അവകാശപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു തെൻറ ട്വീറ്റ്. വസ്തുതകൾ പുറത്തുവന്ന സാഹചര്യത്തിൽ ട്വീറ്റ് പിൻവലിക്കുന്നതായും ഹിന്ദുവികാരം വ്രണപ്പെടുത്തുന്നവരെ എന്തായാലും ശിക്ഷിക്കണമെന്നും നിഷാന്ത് പറഞ്ഞു. ഈ വിവരം ട്വീറ്റ് ചെയ്യുന്നതുവരെ വിവാദ പോസ്റ്റ് 61000 പേരാണ് റീട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.