ബംഗളൂരു: കോവിഡിന്‍റെ അതിവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദ ഭീഷണി നിലനിൽക്കെ വിദേശത്തുനിന്നും വരുന്നവരെ നിരീക്ഷിക്കുന്നതിന് നിയന്ത്രണം കടുപ്പിച്ച് കർണാടക സർക്കാർ. ബംഗളൂരു ഉൾപ്പെടെയുള്ള രാജ്യാന്തര വിമാനത്താവളങ്ങളിൽ എത്തുന്ന വിദേശ യാത്രക്കാർ ഒരാഴ്ചത്തെ വീട്ടു നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി നടത്തിയ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളിൽനിന്നും വരുന്ന എല്ലാവരെയും വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കും. കോവിഡ് പരിശോധനയിൽ നെഗറ്റീവായാലും ഏഴു ദിവസത്തെ വീട്ടു നിരീക്ഷണം നിർബന്ധമായിരിക്കും. ഇതിനിടെ രോഗ ലക്ഷമുണ്ടായാൽ വീണ്ടും പരിശോധന നടത്തും. രോഗ ലക്ഷണമില്ലെങ്കിൽ ഏഴു ദിവസത്തെ വീട്ടു നിരീക്ഷണത്തിനുശേഷം വീണ്ടും കോവിഡ് പരിശോധന നടത്തും. ഈ പരിശോധനയിൽ നെഗറ്റീവായാൽ മാത്രമെ ആളുകൾക്ക് ക്വാറൻറീൻ പൂർത്തിയാക്കി പുറത്തിറങ്ങാനാകുവെന്നും സുധാകർ പറഞ്ഞു.
പോസിറ്റീവാകുന്നവരെ ഉടനെ ആശുപത്രികളിൽ ഐസൊലേഷനിലാക്കും. ഒാരോ ദിവസവും ശരാശരി 2,500 ഒാളം പേരാണ് വിദേശ രാജ്യങ്ങളിൽനിന്നായി കർണാടകയിലെത്തുന്നത്. ഇവരെ എല്ലാം വിമാനത്താവളത്തിൽ വെച്ച് തന്നെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ജനസംഖ്യയും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യവും കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് പരിശോധനകൾ വർധിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. വരും ദിവസങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച 12 രാജ്യങ്ങളിൽനിന്നും യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതും.
കർണാടകയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനായി വാക്സിനേഷൻ വർധിപ്പിക്കും. ചികിത്സ സംബന്ധിച്ച മാർഗനിർദേശം നൽകാൻ പത്തുപേരടങ്ങിയ വിദഗ്ധ സമിതി രൂപവത്കരിച്ചു. വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കും. മാളുകളിലും തീയറ്ററുകളിലും മറ്റു ഇടങ്ങളിലും രണ്ടു േഡാസ് വാക്സിനെടുത്തവരെ മാത്രം പ്രവേശിപ്പിക്കാനുള്ള വിദഗ്ധ സമിതിയുടെ ശിപാർശയിൽ അന്തിമ തീരുമാനം എടുത്തില്ല.
കേരള, മഹാരാഷ്ട്ര അതിർത്തികളിൽ പരിശോധന കർശനമായി തുടരും. ഇതിനിടെ, ബംഗളൂരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ പൗരന്മാരായ രണ്ടുപേരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഏതു വകഭേദമാണെന്നതിന്‍റെ ഐ.സി.എം.ആറിന്‍റെ റിപ്പോർട്ട് രണ്ടോ മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രി സുധാകർ പറഞ്ഞു. ഇയാളിൽ സ്ഥിരീകരിച്ചത് ഡെൽറ്റ വകഭേദമല്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.