ബാംഗ്ലൂർ: ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയം കർണാടകയിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കുന്നു. അടുത്ത വർഷം പുതിയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു.
സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കാൻ അടുത്ത ആഴ്ച പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒരു താൽപര്യവും കാണിക്കുന്നില്ല. തമിഴ്നാടും കേരളവും നേരത്തെ ഇത് റദ്ദാക്കി. കർണാടക ഒരു വിജ്ഞാന തലസ്ഥാനമാണ്. ഞങ്ങൾക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സ്കൂളുകളും പ്രൈമറി സ്കൂളുകളും പ്രഫഷണൽ കോളജുകളുമുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് തങ്ങളുടേതായ സംവിധാനമുണ്ടെന്നും ദേശീയ വിദ്യാഭ്യാസ നയമില്ലാതെ മുന്നോട്ട് പോകാനാകുമെന്നും ഡി.കെ ശിവകുമാർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, സർവകലാശാല വൈസ് ചാൻസലർമാർ അടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയം റദ്ദാക്കാനുള്ള തീരുമാനം. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.