ദലിത്​ കോളനിയിലൂടെ എഴുന്നള്ളിപ്പ്​ വേണമെന്ന്​ അഭ്യർഥിച്ചയാൾക്ക്​ അര ലക്ഷം രൂപ പിഴ

ബംഗളൂരു: ഗ്രാമത്തിലെ അമ്പലത്തിൽനിന്നുള്ള എഴുന്നള്ളിപ്പ്​ ദലിത്​ കോളനിയിലൂടെ വേണമെന്ന്​ അഭ്യർഥന നടത്തിയ ദലിത്​ കുടുംബനാഥന്​ വില്ലേജ്​ പഞ്ചായത്ത്​ 50001 രൂപ പിഴയിട്ടു. ഇൗ ആവശ്യമുന്നയിച്ച കത്ത്​ താലൂക്ക്​ തഹസിൽദാർക്ക്​​ എത്തിച്ചു നൽകിയയാൾക്ക്​ 10,001 രൂപയും പിഴ ചുമത്തി. പിഴയടക്കുന്നതുവരെ കുടുംബനാഥ​െൻറ ഗ്രാമത്തിലെ ജോലി തടയുമെന്നും പ്രഖ്യാപിച്ചതോടെ ഭാര്യയുടെ സ്വർണം പണയം വെച്ച്​ ഒടുവിൽ പിഴത്തുക ഒടുക്കുകയായിരുന്നു. കർണാടക - കേരള അതിർത്തിയിലെ ചാമരാജ്​ നഗർ ജില്ലയിലാണ്​ ദലിത്​ വിവേചനത്തി​െൻറ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്​.

എല്ലാവർഷവും ദസറ ആഘോഷകാലത്ത്​ വിജയദശമി ദിനത്തിൽ ചാമരാജ്​ നഗറിലെ യെലന്ദൂർ ഹൊന്നൂർ വില്ലേജിൽ ചാമുണ്ഡേശ്വരി ദേവിയുടെ എഴുന്നള്ളിപ്പ്​ ചടങ്ങ്​ സംഘടിപ്പിക്കാറുണ്ട്​. ഗ്രാമത്തിലെ ദലിത്​ കോളനിയിലെ വഴികൾ ഒഴിവാക്കിയാണ്​ എഴുന്നള്ളിപ്പ്​ നടക്കുക. ഇത്തവണ ഇതുസംബന്ധിച്ച ആലോചനായോഗത്തിൽ തങ്ങളുടെ കോളനിയിലൂടെയും എഴുന്നള്ളിപ്പ്​ വേണമെന്ന്​ ആവശ്യപ്പെട്ടതാണ്​ വിവാദ സംഭവത്തിനിടയാക്കിയത്​. ദലിത്​ സംഘർഷ സമിതി പ്രവർത്തകനും കർഷകനുമായ നിംഗരാജുവാണ്​ വില്ലേജ്​ പഞ്ചായത്ത്​ അംഗങ്ങളും തഹസിൽദാറും പ​െങ്കടുത്ത യോഗത്തിൽ ആവശ്യമുന്നയിച്ചത്​. മുസ്​റെ വകുപ്പിന്​ കീഴിലുള്ള ക്ഷേത്രം എല്ലാവർക്കുമുള്ളതാണെന്ന്​ നിംഗരാജു ചൂണ്ടിക്കാട്ടി. വർഷങ്ങളായുള്ള പാരമ്പര്യം തെറ്റിക്കാനാവില്ലെന്ന്​ പറഞ്ഞ്​ വില്ലേജ്​ പഞ്ചായത്തംഗങ്ങൾ ഇൗ ആവശ്യം നിരസിച്ചു. പിറ്റേദിവസം ഇതുസംബന്ധിച്ച്​ നിംഗരാജു തയാറാക്കിയ അപേക്ഷ​ സുഹൃത്തായ ശങ്കർ മൂർത്തി തഹസിൽദാർക്ക്​ ​ൈകമാറി. ക്ഷുഭിതരായ വില്ലേജ്​ പഞ്ചായത്തംഗങ്ങൾ ഇരുവർക്കും പിഴ ചുമത്തുകയും പിഴയടച്ചില്ലെങ്കിൽ ഗ്രാമത്തിൽനിന്ന്​ ബഹിഷ്​കരിക്കുമെന്ന്​ അറിയിക്കുകയുമായിരുന്നു. കുടുംബാംഗങ്ങളുടെ കൂടി നിർബന്ധത്തിന്​ വഴങ്ങി ഇരുവരും പിഴയടച്ചു.

ഹൊന്നൂർ ഗ്രാമത്തിൽ 80 ശതമാനം ദലിതരും 20 ശതമാനം മറ്റു ജാതിക്കാരുമാണ്​ കഴിയുന്നത്​. 22 ദലിത്​ കുടുംബങ്ങൾക്ക്​ ഗ്രാമത്തിലെ ഒരു പ്രധാന റോഡിലൂടെ മാത്രമാണ്​ ഇപ്പോഴും സഞ്ചാരം അനുവദിക്കുന്നതെന്നും ​ഗ്രാമത്തിൽ മറ്റു ജാതിക്കാരുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും നിംഗരാജു പറഞ്ഞു. ഗ്രാമത്തിലെ കടകളിൽ ദലിതുകൾക്കുള്ള സാധനങ്ങൾ നേരിട്ട്​ നൽകാതെ പ്രത്യേകം സ്​ഥലത്തുവെക്കുകയാണ്​ ചെയ്യുകയെന്നും 22 കുടുംബങ്ങളിലെയും അംഗങ്ങൾക്കുമാത്രം ഹോട്ടലിൽ ഭക്ഷണം നൽകുന്നത്​ ഉപയോഗിച്ചു വലിച്ചെറിയുന്ന പാത്രത്തിലാണെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാറി​െൻറ മുസ്​റെ വകുപ്പിന്​ കീഴിലുള്ള ക്ഷേത്രത്തിൽപോലും തങ്ങൾക്ക്​ തുല്യനീതി ലഭിക്കാത്തതെന്താണെന്ന്​ നിംഗരാജു ചോദിക്കുന്നു.

സംഭവത്തലിടപെടണമെന്ന്​ തഹസിൽദാറിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈകാതെ പഞ്ചായത്ത്​ അംഗങ്ങളുമായി യോഗം വിളിക്കാമെന്ന്​ അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും നിംഗരാജു പറഞ്ഞു. കഴിഞ്ഞകാലങ്ങളിലൊക്കെ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളൊക്കെ തള്ളിക്കളയുകയായിരുന്നെന്നും എന്നാൽ, തങ്ങളുടെ മക്കളെങ്കിലും ഇൗ വിവേചനത്തിൽനിന്ന്​ രക്ഷപ്പെടണമെന്ന്​ ആഗ്രഹിക്കുന്നതിനാലാണ്​ ഇപ്പോൾ ശബ്​ദമുയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലെ ദലിത്​ വിവേചനത്തിനെതിരെ മുമ്പും ചില കുടുംബങ്ങൾ പരാതിപ്പെട്ടിരുന്നെന്നും ഒൗദ്യോഗികമായി പരാതി ലഭിച്ച സ്​ഥിതിക്ക്​ അടുത്തയാഴ്​ച ഗ്രാമത്തിൽ യോഗം വിളിച്ചുചേർത്ത്​ പ്രശ്​നപരിഹാരം കാണുമെന്നും യെലന്ദൂർ തഹസിൽദാർ സുദർശൻ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.