ശ​ര​ൺ പ​മ്പ് വെ​ൽ

ഗുജറാത്ത് വംശഹത്യയെയും സൂറത്കലിലെ ഫാസിൽ വധത്തെയും ന്യായീകരിച്ച് വി.എച്ച്.പി നേതാവ്

ബംഗളൂരു: 2002ലെ ഗുജറാത്ത് വംശഹത്യയെയും കഴിഞ്ഞ വർഷം ജൂലൈയിൽ ദക്ഷിണ കന്നടയിലെ സൂറത്കലിൽ നടന ഫാസിൽ വധത്തെയും ന്യായീകരിച്ച് കർണാടകയിലെ വി.എച്ച്.പി നേതാവ് ശരൺ പമ്പ് വെൽ. 59 കർസേവകർക്ക് പകരം ഗുജറാത്തിൽ 2000 പേരെ കൊലപ്പെടുത്തിയെന്നും സൂറത്കലിൽ മുഹമ്മദ് ഫാസിൽ എന്ന യുവാവിനെ കൊന്നത് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണെന്നും ശരൺ പറഞ്ഞു.

തുമകൂരുവിൽ ശൗര്യയാത്രയുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച സംഘടിപ്പിച്ച പൊതുയോഗത്തിലാണ് വിവാദ പ്രസംഗം. ഇതിന്റെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം പുറത്തുവന്നത്. അയോധ്യയിൽനിന്ന് മടങ്ങിയ 59 കർസേവകരെ ട്രെയിൻ കമ്പാർട്ട്മെന്റിൽ തീയിട്ടു കൊലപ്പെടുത്തിയപ്പോൾ ഗുജറാത്ത് ജനത നൽകിയ മറുപടി നിങ്ങൾ ഓർക്കണം. ഒരു ഹിന്ദുവും കൈയും കെട്ടിയിരുന്നില്ല. എല്ലാവരും തെരുവിലിറങ്ങി വീടുകളിലേക്ക് കയറിച്ചെന്നു. 2000ത്തോളം പേരെയാണ് പകരം കൊലപ്പെടുത്തിയത്. ഇതാണ് ഹിന്ദുവിന്റെ ധൈര്യം. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ പങ്കുള്ള ‘മുസ്‍ലിം ജിഹാദികൾ’ക്ക് പൊതുജനം കാൺകെ അങ്ങാടിയിലിട്ടാണ് തക്ക മറുപടി നൽകിയതെന്നും അതാണ് ഹിന്ദു യുവാക്കളുടെ ശക്തിയെന്നും ശരൺ പ്രസംഗിച്ചു.

കഴിഞ്ഞ വർഷം ജൂലൈ 26നാണ് പ്രവീൺ നെട്ടാരു (28) സുള്ള്യയിൽ കൊല്ലപ്പെടുന്നത്. ജൂലൈ 28ന് മുഹമ്മദ് ഫാസിലിനെ (23) സൂറത്കലിൽ ഹിന്ദുത്വ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തി. പ്രവീൺ വധക്കേസ് എൻ.ഐ.എക്ക് കൈമാറിയ കർണാടകയിലെ ബി.ജെ.പി സർക്കാർ ഫാസിൽ വധക്കേസിൽ പക്ഷപാതം കാണിക്കുകയാണെന്ന് ഫാസിലിന്റെ പിതാവ് കുറ്റപ്പെടുത്തിയിരുന്നു. ഈ കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.

വി.എച്ച്.പി നേതാവിന്റെ വിവാദ പ്രസംഗത്തെ തുടർന്ന് കേസിൽ അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫാസിലിന്റെ പിതാവ് ഉമർ ഫാറൂഖ് തിങ്കളാഴ്ച മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാറിന് പരാതി നൽകി. 10 ദിവസത്തിനിടെ ദക്ഷിണ കന്നട മേഖലയിൽ മൂന്ന് കൊലപാതകങ്ങൾ അരങ്ങേറിയിട്ടും പ്രവീൺ വധക്കേസിൽമാത്രം നഷ്ടപരിഹാരം നൽകുകയും ഭവന സന്ദർശനം നടത്തുകയും ചെയ്ത ബി.ജെ.പി സർക്കാർ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് വിമർശനമുയർന്നിരുന്നു. ജൂലൈ 21ന് മസൂദ് എന്ന 19കാരൻ സുള്ള്യയിൽ വി.എച്ച്.പി പ്രവർത്തകരുടെ മർദനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രവീൺ നെട്ടാരു വധം അരങ്ങേറിയത്.

Tags:    
News Summary - Karnataka VHP Leader Defends Gujarat Riots, Murder of Surathkal Muslim Youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.