ന്യൂഡൽഹി: വീട്ടിൽനിന്ന് പണക്കൂമ്പാരം കിട്ടിയ സംഭവത്തിൽ ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റാൻ കൊളീജിയം ശിപാർശ. ശിപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും. അദ്ദേഹത്തെ കൊണ്ടുവന്നു തള്ളാൻ അലഹബാദ് ഹൈകോടതി ചവറ്റുകുട്ടയല്ലെന്ന് പറഞ്ഞ് അലഹബാദ് ഹൈകോടതി അഭിഭാഷകർ ഉയർത്തിയ എതിർപ്പ് അവഗണിച്ചാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയത്തിന്റെ തീരുമാനം. കൊളീജിയം ശിപാർശക്കെതിരെ അലഹബാദ് ഹൈകോടതി ബാർ അസോസിയേഷൻ സമരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചക്കു ശേഷം പണിമുടക്കി സൂചന സമരവും നടത്തി. അതിനിടെ വർമയെ ജുഡീഷ്യൽ ചുമതലകളിൽനിന്ന് നീക്കം ചെയ്ത് ഡൽഹി ഹൈകോടതി ഉത്തരവിറക്കി.
രണ്ടുതവണ യോഗം ചേർന്ന ശേഷമാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് വർമയുടെ സ്ഥലംമാറ്റത്തിന് ശിപാർശ ചെയ്തത്. വർമയുടെ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ വ്യാഴാഴ്ച ആദ്യ യോഗം ചേർന്ന കൊളീജിയം തിങ്കളാഴ്ച വീണ്ടും യോഗം ചേരുകയായിരുന്നു. അലഹബാദ് ഹൈകോടതി ബാർ അസോസിയേഷൻ തിങ്കളാഴ്ച യോഗം ചേർന്നാണ് ജസ്റ്റിസ് വർമയെ തിരികെ അലഹബാദ് ഹൈകോടതിയിലേക്ക് കൊണ്ടുവരുന്നതിനെ ചെറുക്കാൻ തീരുമാനിച്ചത്. വർമയെ ഇംപീച്ച് ചെയ്യണമെന്നും പണം കണ്ടു കിട്ടിയ വിഷയത്തിൽ സി.ബി.ഐ, ഇ.ഡി അന്വേഷണം നടത്തണമെന്നും ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കുറ്റക്കാരനല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാലും അലഹബാദ് ഹൈകോടതിയിൽ അദ്ദേഹത്തെ ജഡ്ജിയാക്കാൻ അനുവദിക്കില്ലെന്നും അഭിഭാഷക അസോസിയേഷൻ കൂട്ടിച്ചേർത്തു. കൊളീജിയം ശിപാർശക്കെതിരെ തിങ്കളാഴ്ച ഉച്ചക്കു ശേഷം ഹൈകോടതി അഭിഭാഷകർ പണിമുടക്കുകയും ചെയ്തു.
മാർച്ച് 14ന് ഹോളി ദിവസം രാത്രി 11.30നാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിലെ സ്റ്റോർ റൂമിൽ തീപിടിച്ചത് അണക്കാൻ ചെന്ന അഗ്നിശമന സേന വിഭാഗം 500ന്റെ നോട്ടുകെട്ടുകൾ ചാക്കിലാക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, പിറ്റേന്ന് വൈകീട്ട് 4.50നാണ് ഡൽഹി പൊലീസ് വിവരം ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.
ന്യൂഡൽഹി: വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിയ് യശ്വന്ത് വർമക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വ. മാത്യൂസ് നെടുമ്പാറ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. സംഭവം അന്വേഷിക്കാൻ മൂന്നംഗ ജഡ്ജിമാരെ നിയോഗിച്ച ചീഫ് ജസ്റ്റിസിന്റെ നടപടിയും നെടുമ്പാറ ചോദ്യം ചെയ്തു.
വിഷയം മൂടിവെക്കാൻ ശ്രമം നടന്നിട്ടുണ്ട്. പണം കണ്ടെത്തിയിട്ടില്ലെന്ന് തുടക്കത്തിലേയുള്ള പ്രസ്താവന ഇതാണ് കാണിക്കുന്നതെന്നും നെടുമ്പാറ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.