ബംഗളൂരു: കേന്ദ്ര മന്ത്രി പ്രഹ്ലാദ് േജാഷിയുടെ വീടിന് മുന്നിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ധാർവാഡ്- ഹുബ്ബള്ളി സ്വദേശിനിയും കർഷക തൊഴിലാളിയായ ശ്രീദേവി വീരണ്ണ കന്നാറാണ് (31) കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പ്രളയത്തിൽ വീടു തകർന്നതിന് ലഭിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതൽ ധനസഹായം വേണമെന്നും ചൂണ്ടിക്കാട്ടി ആത്മഹത്യക്കുറിപ്പ് എഴുതിയശേഷമാണ് ഇവർ മന്ത്രിയുടെ വീടിന് മുന്നിലെത്തി വിഷം കഴിച്ചത്. തുടർന്ന് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീദേവി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ധനസഹായം ആവശ്യപ്പെട്ട് ധാർവാഡിൽനിന്നുള്ള ലോക്സഭാംഗമായ പ്രഹ്ലാദ് ജോഷിയെ പലതവണ കാണാൻ ശ്രമിച്ചിരുന്നു. ഇതിനായി ഡൽഹിയിലേക്കും ശ്രീദേവി പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭാഗികമായി തകർന്ന വീടിന് സി-വിഭാഗത്തിൽ ഉൾപ്പെടുത്തി അരലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നൂവെന്ന് ധാർവാഡ് തഹസിൽദാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വീട്ടിൽ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.