ചെന്നൈ: കലൈജ്ഞർ കരുണാനിധിക്ക് ജൂൺ മൂന്നിന് 95 വയസ്സ്. ഡി.എം.കെ പ്രസ്ഥാനത്തിെൻറ ചരിത്രം ഇഴചേരുന്ന ജീവിതമാണ് കരുണാനിധിയുടേത്. ഒരു പാർട്ടിയുടെ തലപ്പത്ത് ഇത്രകാലം തുടർച്ചയായി ഇരുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ന് രാജ്യത്തില്ല. 1949 മുതൽ 69 വരെ സി.എം. അണ്ണാദുരെയാണ് ഡി.എം.കെയെ നയിച്ചത്. 1969 ഫെബ്രുവരി മൂന്നിന് അണ്ണാദുരെ മരിച്ചശേഷം പാർട്ടി അധ്യക്ഷനായി എം. കരുണാനിധിയല്ലാതെ മറ്റൊരാളുണ്ടായിട്ടില്ല.
രാഷ്ട്രീയത്തിൽ ചാണക്യതന്ത്രങ്ങളും കൃത്യമായ കരുനീക്കങ്ങളുമായാണ് കരുണാനിധി മുന്നേറിയത്. അണ്ണാദുരെ മരിക്കുേമ്പാൾ ഡി.എം.കെയിൽ രണ്ടാമൻ വി.ആർ.നെടുഞ്ചെഴിയനായിരുന്നു. പക്ഷേ, സെൻറ്ജോർജ് കോട്ടയിലെ മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും കരുണാനിധിയുടെ കൈകളിലാണ് എത്തിയത്. താരരാജാവായ എം.ജി. രാമചന്ദ്രെൻറ സഹായത്തോടെയായിരുന്നു ഇതിന് കരുനീക്കം. ഇതേ എം.ജി.ആർ തനിക്ക് ഭീഷണിയാവുന്നുവെന്ന് കണ്ടപ്പോൾ 1972ൽ പാർട്ടിയെ പിളർത്താനും കരുണാനിധി മടിച്ചില്ല. രാഷ്ട്രീയ ജീവിതത്തിൽ കരുണാനിധി ഒരുപക്ഷേ, മുട്ടുമടക്കിയത് എം.ജി.ആറിെൻറ മുന്നിൽ മാത്രമാകും.
1977 മുതൽ ’89 വരെ നീണ്ട 12 വർഷക്കാലം അധികാരത്തിന് പുറത്ത് കാത്തിരിക്കാൻ കരുണാനിധി നിർബന്ധിതനായത് എം.ജി.ആറിെൻറ മാസ്മരിക വ്യക്തിത്വം കാരണമായിരുന്നു.
80 വർഷക്കാലമായി സാമൂഹിക- പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. ഏഴ് ദശാബ്ദകാലം ഡി.എം.കെയിൽ. ഇതിൽ 50 വർഷത്തിലേറെ പ്രസ്ഥാനത്തിെൻറ അധ്യക്ഷ സ്ഥാനത്ത്. 60 വർഷം തുടർച്ചയായി നിയമസഭാംഗം. 13 തവണയാണ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. അഞ്ചു തവണ മുഖ്യമന്ത്രിയായ കരുണാനിധി 18 വർഷത്തിലധികം ഇൗ പദവിയലങ്കരിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല, കലാസാഹിത്യ മേഖലകളിലും പത്രപ്രവർത്തന രംഗത്തും തേൻറതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. മൂന്നു വർഷത്തിലധികമായി കരുണാനിധി വാർധക്യസഹജമായ അവശതകൾ മൂലം വിശ്രമത്തിലാണ്. പ്രസ്ഥാനം നിലവിൽ സ്റ്റാലിെൻറ കൈകളിൽ ഭദ്രമാണെന്ന വിശ്വാസം കലൈജ്ഞർക്ക് സംതൃപ്തിയേകുന്നു. തിരുവാരൂരിലാണ് പാർട്ടി കരുണാനിധിയുടെ പിറന്നാളാഘോഷം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.