ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവാവ് തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിനും ഉത്തരവിട്ടു.
22കാരനായ അൽത്താഫിനെയാണ് പൊലീസ് സ്റ്റേഷനിലെ വാഷ്റൂമിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജാക്കറ്റിലെ ചരടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസിന്‍റെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രദേശത്തെ ഒരു പെൺകുട്ടിയുമായി ഒളിച്ചോടിയതിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് അൽത്താഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, അൽത്താഫിേന്റത് തൂങ്ങിമരണമല്ല കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. 'തിങ്കളാഴ്ച വൈകിട്ട് എന്‍റെ മകനെ ഞാൻ പൊലീസിന് കൈമാറിയിരുന്നു. 24 മണിക്കൂറിന് ശേഷം മകൻ തൂങ്ങിമരിച്ചുവെന്ന് അവർ അറിയിക്കുകയായിരുന്നു' -അൽത്താഫിന്‍റെ പിതാവ് ചാന്ദ് മിയാൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽത്താഫിന്‍റെ മരണത്തിൽ പ്രതിഷേധവുമായി പ്രതികൾ രംഗത്തെത്തിയിരുന്നു. യു.പിയിലെ കസ്റ്റഡി മരണങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ബി.ജെ.പി ഭരണത്തിന് കീഴിൽ ക്രമസമാധാന നില തകർന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.