ശ്രീനഗർ: കശ്മീരിൽ 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി. 307 േബ്ലാക്ക് െഡവലപ്മെൻറ് കൗൺസിലുകളിലേക്ക് (ബി.ഡി.സി) നടന ്ന തെരഞ്ഞെടുപ്പിൽ 81 എണ്ണം മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. സ്വതന്ത്രരാണ് കൂടുതൽ േബ്ലാക്കുകളും തൂത്തുവാരിയത്. 307 േബ്ലാക്കുകളിൽ 217ഉം അവർ നേടി. ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പുറമെ ജമ്മു ആൻഡ് കശ്മീർ നാഷനൽ പാന്തേഴ്സ് പാർട്ടി (ജെ.കെ.എൻ.പി.പി) മാത്രമാണ് മത്സരിച്ചത്. അവർക്ക് ഉദ്ദംപുർ ജില്ലയിൽ എട്ടുസീറ്റുകൾ നേടാനായി. ജയിച്ച സ്വതന്ത്രന്മാരെ പല രാഷ്ട്രീയ പാർട്ടികളും പുറത്തുനിന്ന് പിന്തുണച്ചിരുന്നു.
ഹിന്ദു വോട്ടർമാരുടെ സ്വാധീനമേറെയുള്ള ജമ്മുവിൽ 148ൽ 52 എണ്ണം മാത്രമേ ബി.ജെ.പിക്ക് നേടാനായുള്ളൂ. ലഡാക്ക് മേഖലയിൽ 11 ഇടത്തും വിജയിച്ചു. 109 സ്വതന്ത്ര സ്ഥാനാർഥികളാണ് കശ്മീരിൽ വിജയിച്ചത്. ജമ്മു-88, ലഡാക്ക്-20 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ സ്വതന്ത്രരുടെ വിജയം. പ്രക്ഷോഭം മുറ്റിനിൽക്കുന്ന കശ്മീരിൽ ഷോപ്പിയാൻ ജില്ലയിലെ എട്ടിടങ്ങളിലെ വിജയം ബി.ജെ.പിക്ക് നേട്ടമായി. ജമ്മു ഡിവിഷനിൽ ജമ്മു, കഠ്വ ജില്ലകളിലാണ് ബി.ജെ.പി നേട്ടം കൊയ്തത്. ജമ്മു ആൻഡ് കശ്മീർ നാഷനൽ പാന്തേഴ്സ് പാർട്ടി (ജെ.കെ.എൻ.പി.പി) എട്ടിടത്ത് വിജയിച്ച് രണ്ടാമതെത്തി.
നാഷനൽ കോൺഫറൻസ്, പി.ഡി.പി, കോൺഗ്രസ് പാർട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാൽ മിക്കയിടങ്ങളിലും ബി.ജെ.പിയും സ്വതന്ത്രരുമാണ് ഏറ്റുമുട്ടിയത്. രണ്ടിടത്ത് മത്സരിച്ച കോൺഗ്രസ് ഒരിടത്ത് വിജയിച്ചു. തെക്കൻ കശ്മീരിലെ പുൽവാമയിലാണ് കോൺഗ്രസ് വിജയിച്ചത്. 98 ശതമാനം ഗ്രാമ ഘടകങ്ങളും തെരഞ്ഞെടുപ്പിൽ പങ്കെടുത്തതായി തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.
വിജയിച്ച സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഏതെങ്കിലും പാർട്ടിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പാർട്ടി ടിക്കറ്റിൽ മത്സരിച്ചവർക്ക് ഔദ്യോഗിക ചിഹ്നം നൽകിയിട്ടുണ്ടെന്നും മറ്റു പാർട്ടികളുടെ പിന്തുണ സ്വതന്ത്രർക്ക് ലഭിച്ചതായി അറിവില്ലെന്നും ജമ്മു-കശ്മീരിലെ ചീഫ് ഇലക്ടറൽ ഓഫിസർ ശൈലേന്ദ്ര കുമാർ മറുപടി നൽകി. ‘‘തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ചചെയ്യാൻ രാഷ്ട്രീയ പാർട്ടികളെ സമീപിച്ചിരുന്നു. ആരും വ്യക്തമായ മറുപടി നൽകിയില്ല. ചിലർ അവസാന നിമിഷം തെരഞ്ഞെടുപ്പിൽനിന്ന് പിൻവാങ്ങി. പല പാർട്ടികളുടെയും നേതാക്കൾ കരുതൽ തടങ്കലിലാണ്. അവരെ വിട്ടയക്കാൻ നിയമനടപടികളേറെയുണ്ട്. അവർ ആ വഴി തേടുന്നുണ്ടോ ഇല്ലയോ എന്നറിയില്ല’’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.