കശ്മീര്‍: വിഘടനവാദികളടക്കം എല്ലാവരുമായും സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തണം– പ്രതിനിധിസംഘം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കലുഷിതമായ കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍  വിഘടനവാദികളടക്കം ബന്ധപ്പെട്ട എല്ലാവരുമായും സര്‍ക്കാര്‍ കഴിയുന്നതും വേഗം ചര്‍ച്ച തുടങ്ങണമെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ ഈയിടെ കശ്മീര്‍ സന്ദര്‍ശിച്ച പ്രതിനിധിസംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.  പെല്ലറ്റ് നിരോധനം, പരിക്കേറ്റവര്‍ക്കും  നാശനഷ്ടം നേരിട്ടവര്‍ക്കും പുനരധിവാസ പാക്കേജ്  തുടങ്ങിയവ ചര്‍ച്ചയില്‍  വരണമെന്ന ആവശ്യം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി  അടക്കമുള്ളവര്‍,  മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം തയാറാക്കിയ റിപ്പോര്‍ട്ട്  പ്രതിനിധിസംഘം മാധ്യമങ്ങള്‍ക്ക് നല്‍കി. സംഘത്തില്‍ അംഗമായിരുന്ന സെന്‍റര്‍ ഫോര്‍ ഡയലോഗ് ആന്‍ഡ് റീ കണ്‍സിലേഷന്‍െറ പ്രോഗ്രാം ഡയറക്ടര്‍ സുശോഭ ബര്‍വെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  ഗീലാനിക്ക് പുറമെ  ഹുര്‍രിയത്ത് ചെയര്‍മാന്‍ മീര്‍വാഇസ് ഉമര്‍ ഫാറൂഖുമായും സംഘം ചര്‍ച്ചനടത്തിയിരുന്നു. ഉപാധികളില്ലാത്ത ചര്‍ച്ചയാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്.

കേന്ദ്ര സര്‍ക്കാറുമായി സ്ഥിരമായി സംവാദത്തിനുള്ള ഒരു സാഹചര്യമാണ് മുന്നോട്ടുവെക്കുന്നത്. സാധാരണ കശ്മീരികള്‍ മാത്രമല്ല വിഘടനവാദികളും ഞങ്ങള്‍ക്കു മുന്നില്‍ നിരവധി വാതിലുകള്‍ തുറന്നുവെച്ചു. ഞങ്ങളുടെ സന്ദര്‍ശനം ഒരു നല്ല തുടക്കമായി അവര്‍ കണ്ടു.  ജമ്മു-കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സര്‍ക്കാറും എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്താനുള്ള പ്രതിബദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തരമൊരു ചര്‍ച്ചക്ക്  വേഗം തുടക്കംകുറിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നത് -സുശോഭ  പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍  തുറക്കാന്‍ നടപടി വേണം. പൊതു സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെയും പ്രായപൂര്‍ത്തിയാകാത്തവരെയും വിട്ടയക്കണം. തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന്‍െറ പേരില്‍ ജയിലില്‍ അടച്ച കുട്ടിക്കുറ്റവാളികളെ താല്‍ക്കാലികമായി ജുവനൈല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും കൗണ്‍സലിങ് നടത്തുകയും വേണം-റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കൊല്ലപ്പെട്ട സിവിലിയന്മാരുടെ  ആശ്രിതര്‍ക്കും സുരക്ഷാസേനയുമായും പൊലീസുമായും ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും തുക നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കുകുയും വേണം

Tags:    
News Summary - kashmir conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.