ശ്രീനഗര്‍: മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീര്‍ സന്ദര്‍ശിക്കുന്ന പൗരസമൂഹ പ്രതിനിധിസംഘം വ്യാപാരി വ്യവസായി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. താഴ്വരയിലെ ജനങ്ങളുടെ വേദന മനസ്സിലാക്കാനും പങ്കുവെക്കാനുമാണ് തങ്ങള്‍ എത്തിയതെന്ന് ചര്‍ച്ചക്കുശേഷം സിന്‍ഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (കെ.സി.സി.ഐ)യുമായി സൗഹാര്‍ദപരമായ കൂടിക്കാഴ്ചയാണ് നടന്നത്. ഇന്നുകൂടി തങ്ങള്‍ കശ്മീരിലുണ്ടാകുമെന്നും കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ കണക്കിലെടുത്ത് കരുതലോടെ മുന്നോട്ടുനീങ്ങുമെന്നും സിന്‍ഹ വ്യക്തമാക്കി.
കശ്മീരിലെ മൂന്നുമാസത്തിലേറെ നീണ്ട സംഘര്‍ഷാവസ്ഥയെപ്പറ്റി പ്രതിനിധി സംഘത്തോട് വിശദീകരിച്ചുവെന്നും അടിയന്തര പ്രാധാന്യത്തോടെ കക്ഷികള്‍ തമ്മില്‍ ഉപാധിരഹിത ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടതായും കെ.സി.സി.ഐ പ്രസിഡന്‍റ് മുഷ്താഖ് അഹ്മദ് വാനി പറഞ്ഞു. കൂടിക്കാഴ്ചയിലെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ളെന്ന് പറഞ്ഞ അദ്ദേഹം നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വിഘടനവാദി നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ്, ഷബീര്‍ ഷാ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, വിഘടനവാദികളുടെ സമരാഹ്വാനം മൂലം കശ്മീര്‍ താഴ്വരയില്‍ തുടര്‍ച്ചയായി 110ാം ദിവസവും ജനജീവിതം തടസ്സപ്പെട്ടു. ഒരാഴ്ചയായി ജനങ്ങള്‍ സ്വയമേവ നിരത്തിലിറങ്ങിത്തുടങ്ങിയിട്ടുണ്ട്.
ആളുകള്‍ കമ്പിളിയും പുതപ്പുകളും മറ്റും വാങ്ങുന്ന ഫ്ളീ മാര്‍ക്കറ്റ് ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു. സാധാരണ ഞായറാഴ്ച മാത്രമാണ് ഇവിടെ പ്രവൃത്തി ദിവസം. തണുപ്പുകാലം അടുത്തുവരുന്നതിനാല്‍ മാര്‍ക്കറ്റില്‍ സാധാരണ എത്തുന്നതിനേക്കാള്‍ ആളുകളത്തെിയിരുന്നു. കശ്മീരില്‍ സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് എവിടെയും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.