ശ്രീനഗർ: കേന്ദ്ര സർക്കാറിന്‍റെ ഒത്താശയോടെ ജമ്മു-കശ്മീർ സർക്കാർ നടത്തുന്ന റിയൽ എസ്റ്റേറ്റ് സമ്മിറ്റിനെതിരെ രൂക്ഷ വിമർശനമുയർത്തി പ്രതിപക്ഷ പാർട്ടികൾ. കശ്മീർ ജനതയുടെ അസ്ഥിത്വം ഇല്ലാതാക്കുകയും ജനസംഖ്യാപരമായി അനുഭവിക്കുന്ന അവകാശങ്ങളിൽ മാറ്റംവരുത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി ആരോപിച്ചു. ജമ്മു-കശ്മീരിന്റെ പ്രത്യേക അധികാരം അന്യായമായി കേന്ദ്രം എടുത്തുകളഞ്ഞ സർക്കാർ, ഇപ്പോൾ ഞങ്ങളുടെ വിഭവങ്ങൾ കൊള്ളയടിച്ച് വിൽക്കാനാണ് ശ്രമിക്കുന്നതെന്നും മഹ്ബൂബ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് സമ്മിറ്റിലൂടെ കശ്മീരിനെ വിൽപനക്ക് വെച്ചിരിക്കുകയാണ് സർക്കാറെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഉമർ അബ്ദുല്ല ആരോപിച്ചു. സർക്കാറിന്‍റെ യഥാർഥലക്ഷ്യങ്ങൾ വീണ്ടും പുറത്തുവരുകയാണ്.
ലഡാക്കിലെ ജനങ്ങളുടെ ഭൂമി, ജോലി, താമസനിയമങ്ങൾ, വ്യക്തിവിവരങ്ങൾ എന്നിവ സുരക്ഷിതമാക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോൾ, ജമ്മുവിനെയും കശ്മീരിനെയും വിൽപനക്ക് വെക്കുകയാണ് സർക്കാർ. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ഒമർ ട്വീറ്റ് ചെയ്തു.
അതേസമയം, റിയൽ എസ്റ്റേറ്റ് സമ്മിറ്റ് വഴി സമീപ ഭാവിയിൽ 60,000 കോടിയുടെ നിക്ഷേപമാണ് സ്വീകരിക്കാൻ പോകുന്നതെന്ന് ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. ജമ്മു കശ്മീരിൽ ഭൂമിയോ രണ്ടാമത്തെ വീടോ വാങ്ങാൻ രാജ്യത്തുടനീളമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രവും ജമ്മു കശ്മീർ ഭരണകൂടവും ചേർന്ന് ജമ്മുവിലാണ് ആദ്യത്തെ റിയൽ എസ്റ്റേറ്റ് ഉച്ചകോടി സംഘടിപ്പിച്ചത്. അടുത്ത വർഷം മേയിൽ ശ്രീനഗറിൽ സമാനമായ പരിപാടി നടക്കുമെന്ന് ലഫ്റ്റനന്‍റ് ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.