കശ്മീർ പരാമർശം: ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവില്ല; മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കോടതിയോട് മാപ്പുപറഞ്ഞ് അഭിഭാഷകൻ

ന്യൂഡൽഹി: കശ്മീരുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ മുൻമന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി പൊലീസ് കമീഷണർക്ക് നിർദേശം നൽകണമെന്ന ഹരജി ഡൽഹി റോസ് അവന്യൂ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജലീലിനെതിരെ കേസ് എടുക്കാൻ ഇതുവരെ ഉത്തരവിട്ടിട്ടില്ലെന്ന് ബുധനാഴ്ച വാദം കേൾക്കുമ്പോൾ അഡീഷനൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ഹർജീത്സിങ് ജസ്പാൽ വ്യക്തമാക്കി.

കേസെടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യമങ്ങളെ അറിയിച്ചത് തനിക്ക് പറ്റിയ തെറ്റാണെന്ന് അഭിഭാഷകനും പരാതിക്കാരനുമായ ജി.എസ്. മണി കോടതിയിൽ ബോധിപ്പിച്ചു. ഈ പിഴവിന് കോടതിയിലും മാധ്യമപ്രവർത്തകരോടും അഭിഭാഷകൻ മാപ്പുപറഞ്ഞു. കോടതി പറഞ്ഞത് താൻ തെറ്റായവിധത്തിലാണ് മനസ്സിലാക്കിയത്. കേസെടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചത് തന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും പരസ്യമായി ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഉത്തരവിന്‍റെ പകർപ്പ് കൈവശം കിട്ടിയ ശേഷമേ റിപ്പോര്‍ട്ട് ചെയ്യാവൂവെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയതിനു പിന്നാലെ തെറ്റായ വാർത്ത തിരുത്തി നൽകിയതായി കോടതിയിലുണ്ടായിരുന്ന മലയാള മാധ്യമപ്രവർത്തകർ ജഡ്ജിയെ അറിയിച്ചു. പരാതിക്കാരൻ കോടതിയെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ജലീലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 'മാധ്യമം' അടക്കം വിവിധ പത്രങ്ങളും ടി.വി ചാനലുകളും കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന തെറ്റായ വാർത്ത നൽകാൻ ഇടയായിരുന്നു.

പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം നൽകിയെന്നായിരുന്നു അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചത്.

Tags:    
News Summary - Kashmir reference: No court orders to file case against Jalil; Lawyer apologizes to court for misleading media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.