ഹൈദരാബാദ്: പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ ബേഗംപേട്ട് വിമാനത്താവളത്തിൽ സ്വീകരിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സിൻഹയെ പിന്തുണക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിൽ ഭാരതീയ ജനതാ പാർട്ടിയുടെ രണ്ട് ദിവസത്തെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടയിലാണ് യശ്വന്ത് സിൻഹയുടെ സന്ദർശനം.
എന്നാൽ ബി.ജെ.പിയുടെ ദ്വിദിന എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിക്കുപകരം ഒരു ടി.ആർ.എസ് മന്ത്രിമാത്രമായിരിക്കും ഉണ്ടാവുക. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കെ. ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള പ്രോട്ടോക്കോളിൽ നിന്നും വിട്ടു നിൽക്കുന്നത്.
നേരത്തെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിൽ 20-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി സംസ്ഥാനത്തെത്തിയപ്പോഴും ഫെബ്രുവരിൽ പ്രധാനമന്ത്രിയുടെ ഹൈദരബാദ് സന്ദർശനവേളയിലും ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്നും വിട്ടു നിന്നിരുന്നു.
അതേസമയം ടി.ആർ.എസിന്‍റെ നേതൃത്വത്തിൽ യശ്വന്ത് സിൻഹക്കായി റോഡ് ഷോ സംഘടിപ്പിക്കുമെന്നാണ് സൂചനകൾ. ജൂൺ 21 നാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.