ഹൈദരാബാദ്: 2024 ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ദേശീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്) അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു. ഒക്ടോബർ അഞ്ചിന് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പിക്കും കോൺഗ്രസിനും ബദൽ എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനാണ് പുതിയ പാർട്ടിയിലൂടെ ചന്ദ്രശേഖർ റാവു ലക്ഷ്യമിടുന്നത്.
നാളെ തെലങ്കാന ഭവനിൽ ടി.ആർ.എസ് പാർട്ടി യോഗം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. എം.പിമാർ, എം.എൽ.എമാർ, മേയർമാർ എന്നിവരുൾപ്പെടെ 283 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തേക്കും. ടി.ആർ.എസ് ദേശീയപാർട്ടിയായി മാറുന്നതിനുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. അങ്ങനെയാണെങ്കിൽ ഭാരതീയ രാഷ്ട്രീയ സമിതി (ബി.ആർ.എസ്) എന്നായിരിക്കും പാർട്ടി അറിയപ്പെടുക.
പുതിയ ദേശീയ പാർട്ടി രൂപീകരിക്കുമെന്ന് ചന്ദ്രശേഖർ റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, എൻ.സി.പി നേതാവ് ശരത് പവാർ എന്നിവരുമായും തെലങ്കാന മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.