ഹൈദരാബാദ്: ഒരു വർഷത്തിനുള്ളിലോ ആറുമാസത്തിനുള്ളിലോ കെ.സി.ആർ അധികാരത്തിൽ തിരിച്ചെത്തുമെന്ന് തെലങ്കാന മുൻ ഉപമുഖ്യമന്ത്രിയും ബി.ആർ.എസ് എം.എൽ.എയുമായ കഡിയം ശ്രീഹരി. ഇപ്പോൾ ബി.ആർ.എസിന് അധികാരം ലഭിച്ചില്ല എന്നതിൽ നിരാശരാകരുതെന്ന് കഡിയം ശ്രീഹരി പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
"ഞങ്ങൾ ഇപ്പോൾ അധികാരത്തിൽ ഇല്ലെന്നതിൽ ഭയപ്പെടേണ്ട. ആറ് മാസമോ ഒരു വർഷമോ രണ്ട് വർഷമോ ആകട്ടെ, കെ.സി.ആർ വീണ്ടും തെലങ്കാനയുടെ മുഖ്യമന്ത്രിയാകും" - അദ്ദേഹം പറഞ്ഞു.
119 സീറ്റുകളിൽ 64 എണ്ണത്തിലും വിജയിച്ചുകൊണ്ടാണ് കോൺഗ്രസ് തെലങ്കാനയിൽ ഭരണം പിടിച്ചത്. 10 വർഷം ഭരണത്തിലുണ്ടായിരുന്ന ബി.ആർ.എസിന് 39 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ബി.ആർ.എസ് അധ്യക്ഷനും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും കർണാടക ഉപ മുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി കെ.സി.ആർ കോൺഗ്രസ് സ്ഥാനാർഥികളെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചതായി ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.