ബംഗളൂരു: വിവേക് അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' സിനിമയെക്കുറിച്ചുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി യുവജന വിഭാഗം അധ്യക്ഷൻ തേജസ്വി സൂര്യ. കെജ്‌രിവാളിനെ 'അർബൻ നക്‌സൽ' എന്ന് വിശേഷിപ്പിച്ച തേജസ്വി സൂര്യ, കശ്മീരിലെ ഹിന്ദു വംശഹത്യയെ വെള്ളപൂശാൻ കെജ്‌രിവാൾ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
വസ്തുതകളെ അടിസ്ഥാനമാക്കിയല്ല 'ദി കശ്മീർ ഫയൽസ്' നിർമ്മിച്ചിരിക്കുന്നതെന്നാണ് കെജ്‌രിവാൾ സിനിമയെക്കുറിച്ച് പരാമർശിച്ചത്. സിനിമയെക്കുറിച്ചുള്ള ഈ പരാമർശത്തിലൂടെ രാജ്യത്തെ ഹിന്ദുക്കളെയാണ് അദ്ദേഹം അപമാനിച്ചതെന്നും സംഭവത്തിൽ കെജ്‌രിവാൾ മാപ്പ് പറയണമെന്നും തേജസ്വി പറഞ്ഞു.
രാജ്യതാൽപര്യങ്ങളെക്കാൾ കെജ്‌രിവാൾ എപ്പോഴും തന്റെ നിസ്സാര രാഷ്ട്രീയത്തിനും രാഷ്ട്രീയ താൽപര്യങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും എ.എ.പിയുടെ ഈ നയം എല്ലായ്‌പ്പോഴും തീവ്രവാദികൾക്ക് അനുകൂലമാണെന്നും സൂര്യ പറഞ്ഞു. കെജ്‌രിവാളിനെതിരെ യുവമോർച്ച രാജ്യത്തുടനീളം നടത്തുന്ന പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമക്കെതിരായ കെജ്‌രിവാളിന്‍റെ വിർശനത്തെ തുടർന്ന് ബുധനാഴ്ച കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.