ന്യൂഡൽഹി: അയോധ്യയിലേക്ക് മുതിർന്ന പൗരൻമാർക്ക് സൗജന്യ തീർഥയാത്ര പദ്ധതിയുമായി ഡൽഹി സർക്കാർ. ബുധനാഴ്ച ചേർന്ന മന്ത്രി സഭ യോഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അയോധ്യ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീർഥ യാത്രാ പദ്ധതിയിൽ അയോധ്യ ഉൾപ്പെടുത്തുന്നത്
നിലവിൽ പുരി, ഹരിദ്വാർ, മഥുര, വൃന്ദാവൻ, വൈഷ്ണോ ദേവി, രാമേശ്വരം, ദ്വാരക തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുതിർന്ന പൗരൻമാർക്കായി സൗജന്യ തീർഥ യാത്ര പദ്ധതി ഡൽഹി സർക്കാറിന് കീഴിലുണ്ട്. എ.സി ട്രെയിൻ ടിക്കറ്റ്, താമസം, ഭക്ഷണം, പ്രാദേശിക യാത്ര തുടങ്ങി എല്ലാ ചിലവും സർക്കാർ വഹിക്കും.
''എനിക്ക് രാമ പ്രതിമയെ തൊഴാനുള്ള ഭാഗ്യം ലഭിച്ചു. എല്ലാവർക്കും ഇതിനുള്ള അവസരം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്കുള്ള അധികാരം ഉപയോഗിച്ച് ജനങ്ങൾക്ക് ഇവിടെ ദർശനം നൽകുന്നതിനുള്ള അവസരം നൽകും'' -ക്ഷേത്ര സന്ദർശനത്തിന് ശേഷം കെജ്രിവാൾ പ്രതികരിച്ചു. ജയ് ശ്രീറാം ചേർത്തുള്ള ട്വീറ്റും കെജ്രിവാൾ പങ്കുവെച്ചിരുന്നു.
രാമക്ഷേത്ര നിർമാണത്തിന് താനും സംഭാവന നൽകിയിട്ടുണ്ടെന്നും പക്ഷേ സംഭാവന നൽകുന്നത് എപ്പോഴും രഹസ്യമാക്കി വെക്കണമെന്നും കെജ്രിവാൾ പറഞ്ഞു. വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കുന്നതിന്‍റെ മുന്നോടിയായി കൂടിയാണ് കെജ്രിവാളിന്റെ അയോധ്യ പാക്കേജെന്ന് വിമർശനമുയ്രുന്നുണ്ട്.
അതിനിടെ, കെജ്രിവാളിെൻറ അയോധ്യ സന്ദർശനത്തെ പരിഹസിച്ച് ബി.ജെ.പി എം.പി ഗൗതം ഗംഭീർ രംഗത്തുവന്നു. കെജ്രിവാളിേൻറത് ഇരട്ടത്താപ്പാണെന്നും രാമജൻമഭൂമിയിെലത്തി തെൻറ പാപങ്ങൾ കഴുകിക്കളയാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നും ഗംഭീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.