ന്യൂഡൽഹി: മദ്യനയ അഴിമതി, കള്ളപ്പണ കേസുകളിൽ ചോദ്യം ചെയ്യുന്നതിന് ഹാജരാകാനുള്ള സമൻസ് മൂന്നുവട്ടം ധിക്കരിച്ചതോടെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം. അറസ്റ്റിനാണ് നീക്കമെന്ന് ആപ് നേതാക്കൾ പറയുന്നതിനിടയിൽ, മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കാനെന്ന പേരിൽ കെജ്രിവാളിന്റെ വസതിക്കു മുന്നിലെ റോഡിൽ പൊലീസ് സന്നാഹം വർധിപ്പിച്ചു.
മൂന്നു വട്ടം സമൻസ് കൈപ്പറ്റാത്തവരുടെ കാര്യത്തിൽ ജാമ്യമില്ലാ വാറന്റ് കോടതിയിൽനിന്ന് നേടാൻ ഇ.ഡിക്ക് കഴിയും. നാലാമതും സമൻസ് അയക്കാനും ഇതിനിടെ ഇ.ഡി ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്. മൂന്നുവട്ടം സമൻസിന് വഴങ്ങിയില്ലെങ്കിൽ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. രാഷ്ട്രപതി, ഗവർണർ എന്നിവരുടെ കാര്യത്തിൽ മാത്രമാണ് അറസ്റ്റിൽ നിന്നുള്ള നിയമപരമായ പരിരക്ഷയുള്ളത്.
ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനത്തിരിക്കെയാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. മദ്യനയത്തിൽ അഴിമതിയും കള്ളപ്പണ ഇടപാടും ആരോപിക്കുന്ന കേന്ദ്ര ഏജൻസി, ആപ് നേതാക്കളെ ഒന്നൊന്നായി പിടികൂടുന്നതാണ് കഴിഞ്ഞ മാസങ്ങളിൽ കണ്ടത്. അറസ്റ്റ് ഉണ്ടായാൽ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ആപ്. സമൻസ് കൈപ്പറ്റാത്ത കെജ്രിവാൾ ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് ഗുജറാത്ത് പര്യടനത്തിന് പുറപ്പെടും.
രാജ്യസഭ തെരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയ തിരക്കുമൂലം ഇ.ഡി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാൻ കഴിയില്ലെന്നാണ് കെജ്രിവാളിന്റെ നിലപാട്. മാത്രമല്ല, സമൻസ് നൽകാൻ ആധാരമായ കാരണം കൃത്യമായി വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.