മുംബൈ: കോവിഡ് മഹാമാരിയിൽ പ്രയാസപ്പെടുന്ന ഇന്ത്യയെ സഹായിക്കാൻ ഭക്ഷ്യവസ്തുക്കളുമായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 12 ടൺ ഭക്ഷ്യവസ്തുക്കളാണ് കെനിയ ഇന്ത്യക്ക് സംഭാവന ചെയ്തത്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന 12 ടൺ ചായപ്പൊടി, കാപ്പിപ്പൊടി, നിലക്കടല എന്നിവയാണ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് അയച്ചത്. കോവിഡ് പകർച്ചവ്യാധിയുടെ ഈ സമയത്ത് ഇന്ത്യ ഗവൺമെന്‍റുമായും ജനങ്ങളുമായും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കെനിയ സർക്കാർ ആഗ്രഹിക്കുന്നതായി ഭക്ഷ്യവസ്തുക്കൾ സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയിലെ കെനിയൻ ഹൈകമ്മീഷണർ വില്ലി ബെറ്റ് പറഞ്ഞു.
ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയാണ് ഭക്ഷ്യവസ്തുക്കൾ കൈമാറിയത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സേവനമർപ്പിക്കുന്ന കോവിഡ് മുന്നണിപ്പോരാളികൾക്ക് ഈ വസ്തുക്കൾ എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെനിയയിലെ ജനങ്ങൾ ഇന്ത്യയിലെ ജനങ്ങളോട് കാണിക്കുന്ന സഹാനുഭൂതിയുടെ പ്രതീകമാണ് സംഭാവനയെന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മഹാരാഷ്ട്ര വൈസ് ചെയർമാൻ ഹോമി ഖുസ്രുഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.