ജയ്പുർ (രാജസ്ഥാൻ): പത്തനംതിട്ട സ്വദേശിയായ സിവിൽ എൻജിനീയർ അമിത് നായർ (28) ജയ്പുരിൽ വെടിയേറ്റു മരിച്ചു. സിറ്റിയിലെ ജഗദംബ വിഹാർ മേഖലയിൽ കാർണിവിഹാറിലെ വീട്ടിൽവെച്ചാണ് ഭാര്യയുടെ ബന്ധുക്കൾ ഇദ്ദേഹത്തെ വെടിവെച്ചതെന്നും ദുരഭിമാനകൊലയാണെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ട മണ്ണടി മീലാനഴികത്ത് വടക്കേക്കര പുത്തൻവീട്ടിൽ പരേതനായ സോമൻ പിള്ളയുടെ മകനാണ് അമിത് നായർ. ജയ്പുർ സ്വദേശിനി മമത ചൗധരിയെ അമിത് നായർ പ്രണയിക്കുകയും രണ്ടുവർഷം മുമ്പ് കൊട്ടാരക്കരയിൽ വെച്ച് വിവാഹം നടത്തുകയും ചെയ്തിരുന്നു. മമതയുടെ വീട്ടുകാരുടെ ശക്തമായ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. ബന്ധം വേർപെടുത്താൻ കുടുംബം നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും യുവതി വഴങ്ങിയില്ല.
മമത അമ്മയോട് മാത്രമാണ് ഇടക്ക് ബന്ധപ്പെട്ടിരുന്നത്. എന്നാൽ, ഇൗയിടെ മമത ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ബന്ധുക്കൾ കൂടുതൽ രോഷാകുലരാവുകയും അമിത് നായരെ വധിക്കാൻ തീരുമാനിക്കുകയും ചെയ്തതായി കാർണിവിഹാർ സ്റ്റേഷൻ ഹൗസ് ഒാഫിസർ മഹാവീർ സിങ് പറഞ്ഞു. ബുധനാഴ്ച രാവിലെ മമതയുടെ പിതാവ് ജീവൻ റാം ചൗധരി, മാതാവ് ഭഗ്വാനി ചൗധരി എന്നിവരും രണ്ടു യുവാക്കളും സൗഹൃദസന്ദർശനമെന്ന മട്ടിൽ വീട്ടിലെത്തി. സംസാരിക്കുന്നതിനിടെ യുവാക്കളിലൊരാൾ നാടൻ പിസ്റ്റളെടുത്ത് അമിത് നായരെ വെടിവെക്കുകയായിരുെന്നന്ന് ജയ്പുർ വെസ്റ്റ് പൊലീസ് അഡീഷനൽ ഡെപ്യൂട്ടി കമീഷണർ രത്തൻ സിങ് പറഞ്ഞു. കഴുത്തിലും നെഞ്ചിലും വെടിയേറ്റ അമിത് നായരെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലു വെടിയുണ്ടകളേറ്റതായി അറിയുന്നു.
സംഭവം നടന്നയുടൻ രക്ഷപ്പെട്ട ജീവൻ റാം ചൗധരിയെയും ഭാര്യ ഭഗ്വാനി ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. ഏതാനും പേെര ചോദ്യംചെയ്തതായി പൊലീസ് അറിയിച്ചു. മാതാവ്: ഡൽഹിയിൽ നഴ്സായ ശ്രീദേവി. പിതാവ് കരാറുകാരനായിരുന്നു. സഹോദരി: സ്മിത. ഇവർ ജയ്പുരിൽ താമസമാക്കിയിട്ട് 40 വർഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.