ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂനിയന്റെ ലോങ് മാർച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷജീവനക്കാരുടെ മർദനം. ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പി.വി. സുജിത്, 24 ചാനൽ റിപ്പോർട്ടർ അച്യുതൻ, കാമറമാൻ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. മലയാള മനോരമ റിപ്പോർട്ടർ ശരണ്യ ഭുവനേന്ദ്രനു നേരെ അസഭ്യവർഷവും ഉണ്ടായി. മാർച്ച് ആരംഭിച്ചതിന് പിന്നാലെ പൊലീസ് നിർദേശമനുസരിച്ച് കാമ്പസിനുള്ളിലേക്ക് കയറിയപ്പോഴാണ് പ്രധാന ഗേറ്റിലുള്ള സ്വകാര്യ സുരക്ഷ ഏജൻസി ജീവനക്കാർ മാധ്യമപ്രവർത്തകരെ ആക്രമിച്ചത്. മാർച്ചിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് അച്യുതനും കാമറാമാനും മർദനമേറ്റത്. സുരക്ഷജീവനക്കാരൻ അച്യുതന്റെ മുഖത്തടിച്ചു.
കൈയേറ്റദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ പി.വി. സുജിത്തിനും മർദനമേൽക്കുകയായിരുന്നു. കാമറ നിലത്തടിച്ച് തകർക്കുമെന്നും സുരക്ഷജീവനക്കാർ ഭീഷണിപ്പെടുത്തി. വിദ്യാർഥികളും പൊലീസും ഇടപെട്ടാണ് കാമറ തിരിച്ചുവാങ്ങിയത്. പരിക്കേറ്റ അച്യുതനെയും മോഹൻ കുമാറിനെയും ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിൽ പരാതി നൽകി.
മാധ്യമപ്രവർത്തകർക്കെതിരെയുള്ള ആക്രമണത്തെ കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം അപലപിച്ചു. അതിക്രമത്തെ അപലപിച്ച ഡൽഹി യൂനിയൻ ഓഫ് ജേണലിസ്‌റ്റ് നടപടി വേണമെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനോടും സുരക്ഷ ഏജൻസിയോടും ആവശ്യപ്പെട്ടു. രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാർ എന്നിവരും പ്രതിഷേധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ച റഹീം ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.