മുംബൈ: കുർള റെയിൽവേ ടെർമിനലിൽ ഈയിടെ ആരംഭിച്ച വാഹന പാർക്കിങ്ങ് ചാർജ് സംവിധാനത്തിലെ അപാകതകളും യാത്രക്കാർക്കുണ്ടാകുന്ന പ്രയാസങ്ങളും ചൂണ്ടികാട്ടി ബോംബെ കേരള മുസ്ലം ജമാഅത്ത് ഭാരവാഹികൾ സെൻട്രൽ റെയിൽവേ സെക്യൂരിറ്റി ഡി.ഐ.ജി അഷ്‌റഫ് കെ.കെ, കൊമേഴ്ഷ്യൽ സബ് ഡിവിഷണൽ മാനേജർ സുഷമ എന്നിവർക്ക് പരാതി നൽകി. 50രൂപ ഈടാക്കി അഞ്ചു മിനിറ്റുമാത്രമാണ് വെയ്റ്റിങ്ങ് അനുവദിക്കുന്നത്. പ്രവേശന കവാടത്തിൽ വച്ചു തന്നെ പണം ഈടാക്കുകയും ചെയ്യുന്നു. ഇത് അവസാനിപ്പിച്ച് വെയിറ്റിങ്ങ് സമയം പതിനഞ്ചു മിനിട്ടാക്കണമെന്നും എക്സിറ്റ് കവാടത്തിൽ നിന്നേ പണം വാങ്ങാവൂ എന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാമെന്ന് അധികൃതർ ജമാഅത്ത് ഭാരവാഹികൾക്ക് ഉറപ്പു നൽകി.
ദിവസവും 24 ട്രാക്കുകളിലായി 134 ട്രെയിൻ പുറപ്പെടുകയും വന്നു ചേരുകയും ചെയ്യുന്ന കുർള ടെർമിനലിൽ ശരാശരി 83000 പേർ യാത്രക്കെത്തുന്നുണ്ടെന്നാണ് കണക്ക്. ആയിരത്തോളം മലയാളികളും പ്രതിദിനം യാത്രക്കെത്തുന്നു.
ജമാഅത് പ്രസിഡണ്ട് .സി എച്ച് അബ്ദുറഹിമാൻ, ജനറൽ സെക്രെട്ടറി വി.എ ഖാദർ, ട്രഷറർ വി.കെ സൈനുദ്ധീൻ, വൈസ് പ്രസിഡന്‍റ് കെ.പി മൊയ്‌ദുണ്ണി, പി.വി കുഞ്ഞബ്ദുള്ള, ജമാൽ വെളിയങ്കോട് എന്നിവരാണ് ജമാഅത്തിനെ പ്രതിനിധീകരിച്ച്‍ അധികൃതരെ കണ്ടത്. ഇതേ ആവശ്യം ഉന്നയിച്ച് എ.ഐ കെ.എം.സി.സി മഹാരാഷ്ട്രയും റെയിൽവേ അധികൃതരെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.