ന്യൂഡൽഹി: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാൻ ദേശീയതലത്തില്‍ അധിക സെസ് ചുമത്താൻ കേന്ദ്ര സർക്കാർ ധാരണ. പുകയിലപോലുള്ള ഒന്നോരണ്ടോ ഉൽപന്നങ്ങൾക്ക് നിശ്ചിത കാലയളവിലേക്ക് ചെറിയ തുക സെസ് ഏര്‍പ്പെടുത്തുന്നകാര്യമാണ് കേന്ദ്ര പരിഗണനയിലുള്ളത്. ഇതിന് മറ്റു സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ ഈ മാസം 28ന് ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകും. ഡിസാസ്റ്റർ സെസ് എന്ന നിലയിലായിരിക്കും ഇത് പരിഗണിക്കുകയെന്നും ചിലപ്പോള്‍ ഓര്‍ഡിനന്‍സ് വേണ്ടിവന്നേക്കാമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം സംസ്ഥാന ധനകാര്യ മന്ത്രി തോമസ് െഎസക് വ്യക്തമാക്കി. കേരളത്തിെൻറ പുനര്‍നിര്‍മാണം, വായ്പ, അധികവരുമാനം തുടങ്ങിയകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന് അനുകൂലമായ നിലപാടാണുള്ളത്. ഇതുസംബന്ധിച്ചു നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും തോമസ് ഐസക് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിൽനിന്ന് പിരിക്കുന്ന എസ്.ജി.എസ്.ടിയിൽ പത്തുശതമാനം സെസ് ഇൗടാക്കുന്നതിന് അംഗീകാരം നൽകണമെന്ന ആവശ്യമായിരുന്നു സംസ്ഥാനം മുന്നോട്ടുവെച്ചത്. എന്നാൽ, സംസ്ഥാനത്തിനുമാത്രമായി സെസ് പിരിക്കുന്നത് നിലവിലെ സോഫ്റ്റ്വെയറിൽ സാധ്യമല്ലെന്നും ദേശീയതലത്തിൽ ജി.എസ്.ടിയിൽ സെസ് ചുമത്താമെന്നും അരുൺ ജെയ്റ്റ്ലി അറിയിക്കുകയായിരുന്നു.
സംസ്ഥാന പുനര്‍നിര്‍മാണത്തിനും മറ്റുമായി 15,000 മുതല്‍ 20,000 കോടി രൂപവരെ ആവശ്യമാണ്. എ.ഡി.ബി, ലോകബാങ്ക്, ജര്‍മനി എന്നിവിടങ്ങളിൽനിന്നുമുള്ള വിദേശ വായ്പ പരിധി ഉയർത്തുന്നകാര്യം കേന്ദ്ര ധനമന്ത്രി തത്ത്വത്തില്‍ അംഗീകരിച്ചു. പ്രായോഗികതലത്തിൽ പഠിച്ചശേഷം അംഗീകാരം നൽകും. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേേഷ്യാ(എസ്.എൽ.ആര്) ബോണ്ടുകളുടെ കാര്യത്തില്‍ കേരളം തൽക്കാലം പിന്മാറാന് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതി അനുബന്ധ ഫണ്ട് മതിയെന്ന നിലപാടാണ് സംസ്ഥാനത്തിനുള്ളതെന്നും തോമസ് െഎസക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.