ജയ്പൂർ: ഏഴ് മാസത്തെ അന്യായ തടങ്കലിനൊടുവിൽ മോചിതനായ ഡോ. കഫീൽ ഖാൻ ഉമ്മയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു. വികാരനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ബുധനാഴ്ച വൈകീട്ട് ജയ്പൂരിൽ വെച്ച് കൂടിക്കാഴ്ച. കുടുംബാംഗങ്ങളെയും കുഞ്ഞുങ്ങളെയും കണ്ട് സ്നേഹപ്രകടനത്തിന് ശേഷം ഉമ്മ കാണാനായെത്തിയപ്പോൾ കഫീൽ ഖാന് പിടിച്ചുനിൽക്കാനായില്ല. മാതാവിന്‍റെ കരങ്ങളിൽ ഒതുങ്ങി ഒരു കുഞ്ഞിനെ പോലെ അദ്ദേഹം തേങ്ങിക്കരഞ്ഞപ്പോൾ കണ്ടുനിന്നവരുടെ മിഴികളും ഈറനണിഞ്ഞു.
പൗരത്വ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അന്യായ കുറ്റം ചുമത്തി ഡോ. കഫീൽ ഖാനെ ജയിലിൽ അടച്ചത്. ദേശസുരക്ഷാ നിയമം കൂടി ചുമത്തിയതോടെ ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടങ്കലിലായിരുന്നു അദ്ദേഹം.
കഫീൽ ഖാന്‍റെ മാതാവ് നുസ്ഹത്ത് പർവീനാണ് ഹേബിയസ് കോർപസ് ഹരജിയുമായി അലഹബാദ് ഹൈകോടതിയെ സമീപിച്ചത്. തുടർന്ന് കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് ചൊവ്വാഴ്ച രാവിലെ ഹൈകോടതി ഉത്തരവിടുകയായിരുന്നു. ഡോ. കഫീല്‍ ഖാനുമേല്‍ നിയമവിരുദ്ധമായി ചുമത്തിയ ദേശസുരക്ഷാ നിയമം റദ്ദാക്കിക്കൊണ്ടായിരുന്നു വിധി. കഫീൽ ഖാനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കാത്തതും കേസുകൾ അനാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. തനിക്കെതിരെ ഉന്നയിച്ച കുറ്റാരോപണങ്ങളില്‍ സ്വന്തംഭാഗം പറയാൻ ഒരവസരം പോലും കഫീൽ ഖാന് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബര്‍ 13ന് അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ കഫീല്‍ ഖാന് നടത്തിയ പ്രസംഗം വിദ്വേഷവും അക്രമവും വളര്‍ത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ യു.പി സർക്കാർ ജയിലിലടച്ചത്. എന്നാൽ, കഫീല്‍ ഖാന്‍റെ പ്രസംഗം വിദ്വേഷവും അക്രമവും വളര്‍ത്തുന്നതല്ലെന്നും ഐക്യത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.