ശ്രീനഗർ: ഇറ്റുവീഴുന്ന കണ്ണീരിനൊപ്പം, ആ ഖബറിലേക്ക് തൻവീറ അക്തർ ബദാമും മിഠായികളും ചേർത്തുവെക്കുകയാണ്. പൊന്നുമകൻ മുബഷിർ സജാദ് ദറിന് ഏറെ ഇഷ്ടമായിരുന്നവ. അടക്കാനാവാത്ത നൊമ്പരത്തോടൊപ്പം അവ കൈകളിൽ വാരിയെടുത്ത് ആ കുഴിമാടത്തോട് ചേർത്തുവെക്കുേമ്പാൾ അവർ ആരോടെന്നില്ലാതെ എന്തൊക്കെയോ പറയുന്നുണ്ട്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ പ്രിയപുത്രനെ സന്തോഷവും പ്രശംസയും കൊണ്ട് മൂടേണ്ട സുദിനത്തിൽ അവൻ ആറടിമണ്ണിന്‍റെ അഗാധതയിൽ നിത്യനിദ്രയിലാണ്. മരിക്കുന്നതിന് അൽപനാൾ മുെമ്പഴുതിയ പരീക്ഷയിൽ കൈവരിച്ച വിജയത്തിന്‍റെ പകിട്ടുകളറിയാതെ.
ജമ്മുകശ്മീർ ബോർഡ് ഓഫ് സ്കൂൾ എജുക്കേഷന്‍റെ 12ാം ക്ലാസ് പരീക്ഷാഫലം തിങ്കളാഴ്ച പുറത്തുവന്നപ്പോൾ 500ൽ 439 മാർക്കുമായി ഡിസ്റ്റിങ്ഷൻ നേടി പാസായിട്ടുണ്ട് മുബഷിർ. പക്ഷേ, ഖാൻയാറിലെ അവന്‍റെ വീട്ടിൽ ദുഃഖം ഇരട്ടിയാക്കുകയായിരുന്നു ആ വിജയം. പരീക്ഷ കഴിഞ്ഞതിനുപിന്നാലെ രണ്ടു മാസം മുമ്പ് സുഹൃത്തുക്കൾക്കൊപ്പം പഹൽഗാമിലെ റിസോർട്ടിൽ ഉല്ലാസയാത്രക്കുപോയ മകൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വാർത്തയാണ് ആ കുടുംബത്തെ തേടിയെത്തിയത്. അതീവ സങ്കടം പൊതിഞ്ഞുനിൽക്കുന്ന വീട്ടിനുള്ളിൽ മകന്‍റെ മാർക്ക്ലിസ്റ്റിേലക്ക് നോക്കി തൻവീറ കരഞ്ഞുതളർന്നിരിക്കുന്നു.
ഓൺലൈനിൽ അവന്‍റെ മികവുറ്റ വിജയം അറിഞ്ഞതിനുപിന്നാലെ 'ടോപ്പറെ' അഭിനന്ദിക്കാൻ ബദാമും മിഠായികളുമായി അവന്‍റെ ഖബറിടത്തിലേക്കോടുകയായിരുന്നു തൻവീറ. മുബഷിറിന്‍റെ മിന്നുംജയം അറിഞ്ഞ് അയൽവാസികളും ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തുേമ്പാൾ കുടുംബം സങ്കടക്കടലിലായി. 'ഞങ്ങളുടെ മകൻ ഇന്ന് വീണ്ടും മരിച്ചു. റിസൽട്ട് അറിഞ്ഞശേഷം ഇന്ന് വീണ്ടും അവനെയോർത്ത് അത്രയേറെ സങ്കടപ്പെടുകയാണ് ഞങ്ങൾ. അവനുണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷമുണ്ടാകുമായിരുന്നു ഈ വീട്ടിൽ' -മുബഷിറിന്‍റെ പിതാവ് സജാദ് അഹ്മദ് ദർ വിതുമ്പലോടെ പറഞ്ഞു.
പഠിച്ച് ഐ.എ.എസുകാരനാകണമെന്നായിരുന്നു മുബഷിറിന്‍റെ മോഹം. അതിനായി പ്ലസ്വൺ മുതലേ തയാറെടുപ്പിലായിരുന്നു മകനെന്ന് സജാദ് പറയുന്നു. നന്നായി ഫുട്ബാൾ കളിക്കുമായിരുന്ന അവൻ, സ്ഥിരമായി ജിമ്മിലും പോയിരുന്നു.
ഡിസംബർ 28ന് അനന്ത്നാഗ് ഗവ. മെഡിക്കൽ കോളജിലാണ് മുബഷിർ മരണപ്പെട്ടത്. പഹൽഗാമിലെ ഒരു ഡിസ്പെൻസറിയിലെത്തിച്ച മുബഷിറിനെ അനന്ത്നാഗിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിട്ടും സുഹൃത്തുക്കൾ ചികിത്സ തടയുകയായിരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതേസമയം, സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന റിസോർട്ടിൽവെച്ചുതന്നെ അവൻ മരണത്തിന് കീഴടങ്ങിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കുടുംബം ഈ വാദം അംഗീകരിക്കുന്നില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും മകന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മാതാപിതാക്കൾ പറയുന്നു. അന്വേഷണം ത്വരിതപ്പെടുത്തണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് നിവേദനം നൽകി കാത്തിരിക്കുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.