ബി.ജെ.പി എംപിയും സ്ഥാനമൊഴിയുന്ന ഡബ്ല്യു.എഫ്.ഐ തലവനുമായ ബ്രിജ് ഭൂഷൺ സരൺ സിങ്ങിനെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് ഒരു പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണുമെന്ന് ഖാപ് മഹാപഞ്ചായത്ത് തീരുമാനിച്ചതായി കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. വ്യാഴാഴ്ച യു.പിയിലെ മുസാഫർനഗറിലെ സോറമിലാണ് മഹാപഞ്ചായത്ത് നടന്നത്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഖാപ് നേതാക്കൾ ഗുസ്തിക്കാർക്ക് നീതി തേടിയുള്ള മഹാപഞ്ചായത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച കുരുക്ഷേത്രയിൽ വീണ്ടും യോഗം ചേരുമെന്നും അവിടെ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മഹാപഞ്ചായത്തിൽ രാകേഷ് ടിക്കായത് പറഞ്ഞു. ഗുസ്തിക്കാർക്ക് പിന്തുണയുമായി ഖാപ്പുകളുടെ പ്രതിനിധികൾ പ്രസിഡന്റിനെയും സർക്കാരിനെയും കാണുമെന്നും അവർക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജാതിയും മതവും പറഞ്ഞ് സമരത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഞങ്ങളുടെ ജാതി ത്രിവർണ പതാകയാണെന്നും ടിക്കായത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.