ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആർക്കും അറിയില്ലെന്നും നിതീഷ് കുമാറാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉചിതമായ വ്യക്തിയെന്നും ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) എം.എൽ.എ ഗോപാൽ മണ്ഡൽ. നിതീഷ് കുമാർ രാജ്യം മുഴുവൻ സഞ്ചരിച്ചാണ് ഇൻഡ്യ സഖ്യം രൂപീകരിച്ചതെന്നും ഖാർഗെ എന്ന പേര് പോലും തനിക്ക് അറിയില്ലെന്നും മണ്ഡാൽ പറഞ്ഞു.
"ഖാർഗെയോ? എനിക്ക് അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല. ആർക്കും അദ്ദേഹത്തെ അറിയില്ല. പക്ഷേ നിതീഷ് കുമാർ ആരാണെന്ന് ജനങ്ങൾ അറിയാം. കോൺഗ്രസിന് 40 സീറ്റ് നൽകിയാലും ഭഗൽപൂരിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് വിജയിക്കാൻ സാധിക്കില്ല, രാജ്യത്തെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസ് ആയിരിക്കാം പക്ഷേ ബിഹാറിൽ അല്ല," മണ്ഡാൽ പറഞ്ഞു.
നേരത്തെയും മല്ലികാർജുൻ ഖാർഗെക്കെതിരെ വിവാദ പരാമർശങ്ങളുമായി മണ്ഡാൽ രംഗത്തെത്തിയിരുന്നു. ഖാർഗെയെയ ജനങ്ങൾക്ക് അറിയില്ലെന്നും പൊതുജനം അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും മണ്ഡാൽ പറഞ്ഞിരുന്നു.
ഇൻഡ്യ സംഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖാർഗെയെ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി നിർദേശിച്ചതിന് പിന്നാലെ ജെ.ഡി.യുവിൽ നിന്നും ഖാർഗെക്കെതിരെ വിമർശനങ്ങൽ ഉയർന്നിരുന്നു. മമതയുടെ തീരുമാനത്തെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളും, ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. നിർദേശത്തോട് വിയോജിപ്പില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
അതേസമയം ഇൻഡ്യ സഖ്യത്തിന്റെ കൺവീനറായി ബിഹാർ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറിനെ പരിഗണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇത് കോൻ ബനേഗാ ക്രോർപതി എന്ന ചോദ്യം പോലെയാണെന്നും ചർച്ചയ്ക്ക് ശേഷം അറിയിക്കാമെന്നുമായിരുന്നു ഖാർഗെയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.