മുംബൈ: പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യുടെ യോഗം മുംബൈയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ തുടങ്ങിയതോടെ സഖ്യത്തിന്റെ നായകനാരാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ‘ഇൻഡ്യ’യുടെ കൺവീനർ ആരാകണമെന്നതാണ് യോഗത്തിലെ മുഖ്യ അജണ്ടകളിലൊന്ന്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കാണ് സാധ്യതയെന്ന് സൂചനകളുണ്ട്.
ഉദ്ധവ് പക്ഷ ശിവസേന, മുസ്ലിം ലീഗ് അടക്കമുള്ളവർ സഖ്യത്തെ കോൺഗ്രസ് നയിക്കണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു. ദേശീയ തലത്തിൽ വേരുള്ള ഏക പാർട്ടി എന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്ന ഘടകം. എന്നാൽ, പാർട്ടി ഭേദമെന്യേ നേതാക്കളുമായി അടുപ്പമുള്ള എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ പേരും പറഞ്ഞുകേൾക്കുന്നു. എൻ.സി.പിയിലെ പിളർപ്പിന് പിന്നാലെയുണ്ടായ പവാറിന്റെ വിവാദ നീക്കങ്ങൾ അദ്ദേഹത്തിന് പ്രതികൂലമാണ്.
സഖ്യത്തിന് തുടക്കമിടുകയും ആദ്യ യോഗം പട്നയിൽ നടത്തുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുടെ പേരുകളും പറയപ്പെടുന്നു. അതേസമയം, യോഗം നടക്കുന്ന ഹോട്ടലിന്റെ പരിസരങ്ങളിൽ കൺവീനർ, പ്രധാനമന്ത്രി പദങ്ങളിലേക്ക് അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ, മമത ബാനർജി, രാഹുൽ ഗാന്ധി എന്നിവരുടെ പേരുകൾ അതത് പാർട്ടികൾ പോസ്റ്റർ പതിച്ചു.
ലോഗോ പ്രകാശനം, ഏകോപന സമിതി അടക്കം വിവിധ സമിതികൾ, സമൂഹ മാധ്യമം അടക്കം ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങൾ, തെരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം തുടങ്ങിയവയാണ് വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിക്കുന്ന ചർച്ചയിലെ മറ്റ് അജണ്ടകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.