കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിനിടെ ബോക്സർ മരിച്ചു; ഇടിയേറ്റ് റിങ്ങിൽ വീഴുന്ന വിഡിയോ പുറത്ത്

ബെംഗളൂരു: കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിനിടെ ഇടിയേറ്റയാൾ മരിച്ച സംഭത്തിന്റെ വിഡിയോ പുറത്ത്. ജൂലൈ 10ന് ജ്ഞാനജ്യോതി നഗറിലെ പൈ ഇന്റർനാഷണൽ ബിൽഡിങ്ങിൽ നടന്ന കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിനിടെയായിരുന്നു അപകടം. സംഭവത്തിൽ ബെംഗളൂരു പൊലീസ് സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാനതല കെ1 കിക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിനിടെയാണ് എതിരാളിയിൽ നിന്നുള്ള ഇടിയേറ്റ് മൈസൂരു സ്വദേശിയായ നിഖിൽ (23) മരിച്ചത്.

എതിരാളിയിൽനിന്നും തുടർച്ചയായുള്ള ഇടിയേറ്റ് നിഖിൽ റിങ്ങിൽ വീഴുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ഉടൻ തന്നെ നിഖിലിനെ നാഗർബാവിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി മണിപ്പാലിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ രണ്ട് ദിവസം അബോധാവസ്ഥയിൽ തുടർന്ന നിഖിൽ ബുധനാഴ്ച മരണത്തിന് കീഴടങ്ങി.

പരിപാടിയിൽ മെഡിക്കൽ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് നിഖിലിന്റെ പിതാവ് പറഞ്ഞു. തന്റെ മകന്റെ അകാല മരണത്തിന് ഉത്തരവാദി സംഘാടകരാണെന്നും പിതാവ് ആരോപിച്ചു. സംഘാടകർക്കെതിരെ നിഖിലിന്റെ പരിശീലകൻ വിക്രമും രംഗത്തെത്തിയിട്ടുണ്ട്. വേദിയിൽ ഒരു ആംബുലൻസും പരിശീലനം ലഭിച്ച മെഡിക്കൽ സ്റ്റാഫും ഉണ്ടായിരുന്നെങ്കിൽ നിഖിൽ മരിക്കില്ലായിരുന്നുവെന്ന് വിക്രം ഫേസ്ബുക്കിൽ കുറിച്ചു.

ജൂലൈ 10ന് വൈകുന്നേരം ആറോടെ മകന് പരുക്കേറ്റതായി ഒരാൾ മൊബൈൽ ഫോണിലേക്ക് വിളിച്ചതായി നിഖിലിന്റെ അമ്മ വിമല പറഞ്ഞു. നിലത്ത് വിരിച്ചിരുന്ന മാറ്റ് വളരെ നേർത്തതായിരുന്നുവെന്നും നിഖിൽ ഇടിയേറ്റു നിലത്ത് വീണതോടെ സാരമായ പരുക്കുകളേറ്റെന്നും പിതാവ് സുരേഷ് ആരോപിച്ചു. പരുക്കേറ്റപ്പോൾ സംഘാടകർ പ്രാഥമിക ചികിത്സ നൽകിയില്ലെന്നും പാരാമെഡിക്കൽ യൂണിറ്റോ ഓക്‌സിജൻ സൗകര്യമോ സ്‌ട്രെച്ചറോ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അപകടത്തെ തുടർന്ന് സംഘാടകൻ നവീൻ രവിശങ്കർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും സുരേഷ് ആരോപിച്ചു. സംഘാടകർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 304 (എ) പ്രകാരം കേസെടുത്തതായും നിഖിലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായും ജ്ഞാന ഭാരതി പൊലീസ് അറിയിച്ചു.

Tags:    
News Summary - Kickboxer dies during competition in Bengaluru, father blames organisers -VIDEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.