തട്ടിക്കൊണ്ടുപോകല്‍ കേസ്: ജയിലില്‍ കഴിയുന്ന മലയാളിയും മൂന്ന് പൊലീസുകാരും വീണ്ടും അറസ്റ്റില്‍

കോയമ്പത്തൂര്‍: തിരുപ്പൂരിലെ ഡൈയിങ് യൂനിറ്റ് ഉടമയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയിലില്‍ കഴിയുന്ന മൂന്നു പൊലീസ് ഉദ്യോഗസ്ഥരും മലയാളി യുവാവും വീണ്ടും അറസ്റ്റിലായി. പരമത്തി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മുത്തുകുമാര്‍ (40), കുളിത്തല എസ്.ഐ ശരവണന്‍ (42), ഹെഡ്കോണ്‍സ്റ്റബിളും പൊലീസ് ജീപ്പ് ഡ്രൈവറുമായ ധര്‍മ്മേന്ദ്രന്‍ (38), ഗുരുവായൂര്‍ സ്വദേശി സുധീര്‍ (33) എന്നിവരുടെ പേരിലാണ് വീരപാണ്ടി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നാലുപേരെയും കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വീണ്ടും ജയിലിലേക്ക് കൊണ്ടുപോയി.

ഒരു മാസം മുമ്പ് ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തിയ 3.90 കോടി രൂപയുടെ ഹവാലപണം തട്ടിയെടുത്ത കേസിലെ പ്രതികളാണിവര്‍. ജൂലൈ മധ്യത്തിലാണ് തിരുപ്പൂര്‍ കൊങ്കു മെയിന്‍ റോഡില്‍ താമസിക്കുന്ന കാരക്കുടി സ്വദേശി ആറുമുഖമെന്ന 46കാരനെ നാലംഗസംഘം കടത്തിക്കൊണ്ടുപോയത്. പ്രതികളില്‍ രണ്ടുപേര്‍ പൊലീസ് യൂനിഫോമിലായിരുന്നു. സേലത്തെ രഹസ്യ കേന്ദ്രത്തില്‍ ബന്ദിയാക്കിയ ആറുമുഖത്തിന്‍െറ പക്കല്‍നിന്ന് പ്രതീക്ഷിച്ച പണം കിട്ടില്ളെന്ന് ഉറപ്പായതോടെ സംഘം 15,000 രൂപയും മൊബൈല്‍ഫോണും പിടിച്ചുപറി നടത്തിയതിനുശേഷം വിട്ടയക്കുകയായിരുന്നു.

പിന്നീട് ആറുമുഖം വീരപാണ്ടി പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് മധുക്കരയില്‍വെച്ച് മലപ്പുറം സ്വദേശിയുടെ കാറില്‍ കടത്തിയ ഹവാലപണം തട്ടിയ കേസില്‍ പ്രതികള്‍ പിടിയിലായത്. ഇതേ പ്രതികളാണ് തന്നെ കടത്തിക്കൊണ്ടുപോയതെന്ന് ആറുമുഖം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. 

Tags:    
News Summary - kidnap case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.