ന്യൂഡൽഹി: കർഷകർ കർണാൽ ജില്ല ആസ്ഥാന ഉപരോധവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ താൽകാലിക വിലക്ക് ഹരിയാന സർക്കാർ വീണ്ടും നീട്ടി. കർഷക പ്രതിഷേധത്തെ തുടർന്ന് ക്രമസമാധാനനില വഷളായി സാഹചര്യത്തിലാണ് വിലക്ക് നീട്ടാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. അതേസമയം, ബാങ്കിങ്, മൊബൈൽ റിച്ചാർജ് സേവനങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് അറോറയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ആഗസ്റ്റ് 28ന് കർഷകരെ ക്രൂരമായ ലാത്തിച്ചാർജിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ അനിശ്ചിതകാല ഉപരോധത്തിനിറങ്ങിയത്. കർണാലിൽ മഹാ പഞ്ചായത്ത് വിളിച്ചു കൂട്ടിയ കർഷകരുമായി ജില്ല ഭരണകൂടം നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.
കർഷകർക്കൊപ്പം മിനി സിവിൽ സ്റ്റേഷനിലേക്ക് നീങ്ങിയ രാേകഷ് ടിക്കായത്ത്, യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവരെ ഹരിയാന പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് പ്രതിരോധം മറികടന്നുള്ള ജില്ല ആസ്ഥാനത്തെ ഉപരോധസമരത്തിൽ പതിനായിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.