കെ.കെയുടെ മുഖത്തും തലയിലും മുറിവുകളെന്ന് റിപ്പോർട്ട്; അസ്വാഭാവിക മരണത്തിന് കേസ്

കൊൽക്കത്ത: പ്രശസ്ത ഗായകൻ കെ.കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കെ.കെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി നഗരത്തിലെ സംഗീതപരിപാടി കഴിഞ്ഞ് തിരിച്ചെത്തിയ കെ.കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കെ.കെയുടെ പോസ്റ്റുമോർട്ടം ഇന്ന് കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രിയിൽ നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കെ.കെ കുഴഞ്ഞുവീണ ഗ്രാൻഡ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. ജീവനക്കാരെയും സംഗീതപരിപാടിയുടെ സംഘാടകരെയും വിശദമായി ചോദ്യംചെയ്യും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം മരണകാരണം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.

കൊൽക്കത്തയിലെ നസറുൽ മഞ്ചിൽ നടത്തിയ സംഗീതപരിപാടിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെയാണ് കെ.കെ ഹോട്ടലിലേക്ക് മടങ്ങിയത്. ഹോട്ടലിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

മലയാളിയായ കൃഷ്ണകുമാർ കുന്നത്ത് എന്ന കെ.കെ (53) ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 700 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ തടപ്പ് തടപ്പ്, തമിഴ് ഗാനം "അപാഡി പോഡു", ദേവദാസിലെ "ഡോലാ രേ ഡോല, വോ ലംഹേയിലെ "ക്യാ മുജെ പ്യാർ ഹേ" എന്നിവ കെകെയുടെ ജനപ്രിയ ഗാനങ്ങളാണ്. ഓം ശാന്തി ഓമിലെ 'ആങ്കോൻ മേ തേരി", ബച്ച്‌ന ഏ ഹസീനോയിലെ "ഖുദാ ജാനേ", ആഷിഖി 2 ലെ "പിയാ ആയേ നാ" എന്നീ ഗാനങ്ങളും ആസ്വാദകർ ഏറ്റെടുത്തവയാണ്.

ബാല്യകാല സഖിയായ ജ്യോതി കൃഷ്ണയാണ് ഭാര്യ. മകൻ നകുൽ കൃഷ്ണ കെ.കെയുടെ പുതിയ ആൽബമായ 'ഹംസഫറി'ൽ ഗാനം ആലപിച്ചിട്ടുണ്ട്.

1999 ൽ പുറത്തിറങ്ങിയ ആദ്യ ആൽബമായ 'പൽ' വലിയ ഹിറ്റായിരുന്നു. ഈ ആൽബത്തിന് മികച്ച സോളോ അൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്‌ ലഭിച്ച്ട്ടുണ്ട്. ഗായകനായിരുന്ന കിഷോർ കുമാർ, സംഗീത സംവിധായകൻ ആർ. ഡി. ബർമൻ എന്നിവർ കെകെയെ സ്വാധീനിച്ചിട്ടുണ്ട്. മൈക്കിൽ ജാക്സൻ, ബില്ലി ജോൾ, ബ്രയാൻ ആഡംസ് എന്നീ ഹോളിവുഡ് ഗായകരാണ് കെകെയുടെ ഇഷ്ടപ്പെട്ട ഗായകർ.

തൃശൂർ വേരുകളുള്ള മലയാളി ദമ്പതികളായ സി.എസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിലാണ് കൃഷ്ണകുമാർ കുന്നത്ത് ജനിച്ചത്. ഡൽഹിയിലെ മൗണ്ട് സെന്റ്‌ മേരീസ് സ്കൂളിലാണ് പഠനം.1999 ക്രിക്കറ്റ്‌ വേൾഡ് കപ്പിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ "ജോഷ്‌ ഓഫ് ഇന്ത്യ" എന്ന ഗാനം പാടിയതും കെ.കെയാണ്.

Tags:    
News Summary - KK suffered injuries to face, head; autopsy to be conducted in Kolkata today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.