അത് സംഭവിക്കുമെന്ന് അറിയാമായിരുന്നു; ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി പേരുണ്ട്; നിതീഷിന്‍റെ കാലുമാറ്റത്തിൽ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം ചേർന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. അത് സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്നും ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകൾ രാജ്യത്തുണ്ടെന്നും ഖാർഗെ പ്രതികരിച്ചു.

നിതീഷും ഞങ്ങളും ഒരുമിച്ചായിരുന്നു പോരാട്ടം. സഖ്യത്തിനൊപ്പം നിൽകാൻ നിതീഷിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ ഒപ്പം നിന്നേനെ. ഞങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു, പക്ഷേ ഇൻഡ്യ സഖ്യം തകരാതിരിക്കാൻ ശ്രമിച്ചു. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അത് തെറ്റായ സന്ദേശം നൽകും. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് നേരത്തെ തന്നെ ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് അത് യാഥാർഥ്യമായെന്നും ഖാർഗെ വ്യക്തമാക്കി.

കോൺഗ്രസും ആർ.ജെ.ഡിയും ഉൾപ്പെടുന്ന മഹാസഖ്യത്തിൽ നിന്നാണ് നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം പോയത്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിന്‍റെ ജെ.ഡി.യു- ബി.ജെ.പി സഖ്യ സർക്കാർ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി എം.എൽ.എമാർ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തി.

243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എം.എൽ.എമാരുള്ള ആർ.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോൺഗ്രസ് 19, സി.പി.ഐ (എം.എൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സി.പി.ഐ 2, സി.പി.എം 2, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റിൽ സ്വതന്ത്രനാണ്.

ഭരിക്കാൻ 122 സീറ്റ് വേണം. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്നാൽ സീറ്റുകളുടെ എണ്ണം 123 ആകും. ജെ.ഡി.യു പിൻമാറുന്നതോടെ മഹാഘഡ്ബന്ധൻ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങും.

Tags:    
News Summary - "Knew it would happen," says Mallikarjun Kharge on Nitish Kumar's exit from Mahagathbandhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.