കൈയിൽ പണമില്ല, പുറത്ത് കൊടും തണുപ്പ്; ജാമ്യം റദ്ദാക്കി ജയിലിൽ അടക്കണമെന്ന ആവശ്യവുമായി ഗുണ്ട വാളയാർ മനോജ്

കോയമ്പത്തൂർ: കോടനാട് കവർച്ചക്കൊലക്കേസിലെ പ്രതികളിലൊരാളായ വാളയാർ മനോജ് ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷം താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് വാളയാർ മനോജ് ജില്ല സെഷൻസ് കോടതിയിൽ ഹരജി നൽകിയത്. ഊട്ടി വിചാരണ കോടതിയിലാണ് മനോജ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറിലാണ് മനോജിന് ജാമ്യം അനുവദിച്ചിരുന്നത്. ഊട്ടി വിട്ടുപോകരുതെന്നും എല്ലാ തിങ്കളാഴ്ചയും കോടതിയിൽ ഹാജരാകണമെന്നുമാണ് ജാമ്യ നിബന്ധന.

തനിക്ക് പുറത്ത് ജോലി കണ്ടെത്താൻ കഴിയുന്നില്ലെന്നും ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും മുറി വാടകയ്‌ക്ക് നൽകാൻ തയാറാകാത്തതിനാൽ താമസസൗകര്യം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതായും മനോജ് പറഞ്ഞു. താൻ പ്രമേഹ രോഗിയാണെന്നും പുറത്തെ കൊടും തണുപ്പ് ആരോഗ്യനിലയെ ബാധിച്ചുവെന്നും മനോജ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുറംലോകത്ത് ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ജാമ്യം റദ്ദാക്കി ജയിലിലേക്ക് തിരികെ പോകാൻ അനുവദിക്കണമെന്നാണ് പ്രതിയുടെ ആവശ്യം.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അവധിക്കാല വസതിയായ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സുരക്ഷാ ജീവനക്കാരനെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്ത സംഘത്തിലൊരാളാണ് മനോജ്.

Tags:    
News Summary - Kodanad case: Accused files plea, seeks to return to prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.