ജയ്പൂർ: രാജസ്ഥാനിലെ കോലിഹാൻ ഖനിയിൽ കുടുങ്ങിയ 14 ജീവനക്കാരിൽ 10 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ദ ചികിത്സക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങി കിടക്കുന്ന നാലു പേർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഖനിയിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്ന് രക്ഷാപ്രവർത്തന സംഘത്തിലെ ഡോ. പ്രവീൺ ശർമ അറിയിച്ചു. മറ്റുള്ളവരെ ഘട്ടംഘട്ടമായി പുറത്തെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ രാജസ്ഥാനിലെ കാ താനെ ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്‍റെ ഖനിയിലാണ് ലിഫ്റ്റ് തകർന്ന് ജീവനക്കാർ കുടുങ്ങിയത്. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖനി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്.
ഖനിയിൽ 1,800 അടി താഴ്ചയിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ പൊട്ടുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് അധികൃതർ തുടക്കം കുറിച്ചു.
ചീഫ് വിജിലൻസ് ഓഫീസർ ഉപേന്ദ്ര പാണ്ഡെ, ഖേത്രി കോപ്പർ കോംപ്ലക്‌സ് (കെ.സി.സി) യൂനിറ്റ് മേധാവി ജി.ഡി. ഗുപ്ത, കോലിഹാൻ മൈൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ എ.കെ. ശർമ, ഫോട്ടോഗ്രാഫറായി ഖനിയിൽ പ്രവേശിച്ച മാധ്യമപ്രവർത്തകൻ വികാസ് പരീഖ്, വിനോദ് സിങ് ഷെഖാവത്ത്, എ.കെ. ബൈര, അർണവ് ഭണ്ഡാരി, യശോരാജ് മീണ, വനേന്ദ്ര ഭണ്ഡാരി, നിരഞ്ജൻ സാഹു, കരൺ സിങ് ഗെഹ്ലോട്ട്, പ്രീതം സിങ്, ഹർസി റാം, ഭഗീരഥ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
1967ലാണ് ഖേത്രിയിൽ കോപ്പർ ഖനി സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.