ന്യൂഡൽഹി: ആശുപത്രി സംരക്ഷണത്തിന് പ്രത്യേക നിയമം പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. ആരോഗ്യപ്രവർത്തകർക്ക് എതിരെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക നിയമം വേണമെന്ന് മുറവിളിയുയരുന്നതിനിടെയാണ് കേന്ദ്രം നയം വ്യക്തമാക്കിയത്.
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടർന്ന് പ്രത്യേക നിയമമടക്കമുള്ള ആവശ്യമുന്നയിച്ച് ആഗസ്റ്റ് 17ന് ഡോക്ടർമാരുടെ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സമരം നടത്തിയിരുന്നു. അന്ന് പ്രത്യേക നിയമമടക്കമുള്ള ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നൽകിയ ഉറപ്പിലാണ് ഡോക്ടർമാർ സമരം അവസാനിപ്പിച്ചത്. ഇതുസംബന്ധിച്ച് മന്ത്രാലയം വാർത്താക്കുറിപ്പുമിറക്കിയിരുന്നു.
എന്നാൽ, ഇത്തരത്തിൽ നിയമം ആവശ്യമില്ലെന്നാണ് സെപ്റ്റംബർ അഞ്ചിന് നൽകിയ വിവരാവകാശ മറുപടിയിൽ കേന്ദ്രം വ്യക്തമാക്കിയത്. ആശുപത്രി സംരക്ഷണ നിയമത്തിൽ നിലപാട് തേടിയാണ് തിരുവനന്തപുരത്തെ വിവരാവകാശപ്രവർത്തകൻ കൂടിയായ ഡോ. കെ.വി. ബാബു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെ സമീപിച്ചത്.
ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് 2019 സെപ്റ്റംബർ രണ്ടിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ആശുപത്രികളിലെ അതിക്രമങ്ങളിൽ ജാമ്യമില്ലാ കുറ്റം ചുമത്താനടക്കം നിർദേശിക്കുന്നതായിരുന്നു ബില്ല്. എന്നാൽ പിന്നീട് നടപടികൾ നിലച്ചു. കോവിഡ് പശ്ചാത്തലത്തിൽ 2020 സെപ്റ്റംബറിൽ ആരോഗ്യപ്രവർത്തകർക്കെതിരെ അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ട് പകർച്ചവ്യാധി നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു.
കേരളവും കർണാടകവുമടക്കം 26 സംസ്ഥാനങ്ങളിൽ ആശുപത്രി സംരക്ഷണത്തിനായി പ്രത്യേക നിയമങ്ങൾ നിലവിലുണ്ട്. എന്നാൽ, കേന്ദ്രം ഏകീകൃത നിയമം നടപ്പാക്കുന്നത് അതിക്രമങ്ങൾ വലിയതോതിൽ തടയാൻ സഹായിക്കുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ സംഘടനകളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.