ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണ പശ്ചിമ ബംഗാളിന് പുറത്തേക്കുമാറ്റാൻ സുപ്രീംകോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ മറ്റൊരു അന്വേഷണത്തിന് ഉത്തരവിടാൻ വിചാരണ കോടതി ജഡ്ജിക്ക് അധികാരമുണ്ടായിരുന്നെന്ന് കോടതി വ്യക്തമാക്കി.
ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട് സി.ബി.ഐ സമർപ്പിച്ച ആറാം തൽസ്ഥിതി റിപ്പോർട്ടും കോടതി പരിശോധിച്ചു. അന്വേഷണം തുടരുന്നതിനാൽ എന്തെങ്കിലും നിരീക്ഷണം നടത്താൻ കോടതി തയാറായില്ല. മുഖ്യപ്രതി സഞ്ജയ് റോയ്ക്കെതിരെ കൊൽക്കത്ത കോടതി നവംബർ നാലിന് കുറ്റം ചുമത്തിയിട്ടുണ്ടെന്നും 11 മുതൽ ദിവസവും വിചാരണ ആരംഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ആരോഗ്യ വിദഗ്ധരുടെ സുരക്ഷ സംബന്ധിച്ച് പ്രോട്ടോകോൾ ഉണ്ടാക്കാൻ രൂപവത്കരിച്ച ദേശീയ ദൗത്യസംഘം (എൻ.ടി.എഫ്) റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറാൻ കോടതി നിർദേശിച്ചു. നാലാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.