കൊൽക്കത്ത: ആർ.ജികർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ രക്ഷിതാക്കൾ. പൊലീസ് കേസ് ഒതുക്കി തീർക്കാൻ നോക്കിയെന്നും കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.
തുടക്കം മുതൽ തന്നെ കേസ് ഒതുക്കി തീർക്കാനായിരുന്നു പൊലീസിന് തിടുക്കം. പെൺകുട്ടിയുടെ മൃതദേഹം ആദ്യം ഞങ്ങളെ കാണിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടം കഴിഞ്ഞതിന് ശേഷമാണ് മൃതദേഹം ഞങ്ങളെ കാണിക്കുകയും കൈമാറുകയും ചെയ്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു. എന്നാൽ, അത് അപ്പോൾ തന്നെ നിരസിച്ചിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പി.ടി.ഐയോട് പ്രതികരിച്ചു.
തങ്ങളുടെ മകൾക്ക് നീതി ലഭിക്കണമെന്ന് ആർ.ജികർ മെഡിക്കൽ കോളജിൽ പ്രതിഷേധം നടത്തുന്ന ജൂനിയർ ഡോക്ടർമാർക്കൊപ്പം ചേർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് പ്രതിഷേധം നടത്തുന്ന ജൂനിയർ ഡോക്ടർമാർക്കൊപ്പം പെൺകുട്ടിയുടെ രക്ഷിതാക്കളും ചേർന്നത്.
ആഗസ്റ്റ് ഒമ്പതിനാണ് ആർ.ജെകർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അർധ നഗ്നയാക്കിയ നിലയിൽ ഇവരുടെ മൃതദേഹം സെമിനാർ ഹാളിൽ നിന്നും കണ്ടെടുത്തു.
കൊൽക്കത്ത പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസിൽ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയർന്നുവെങ്കിലും ഒരാൾ മാത്രമാണ് പ്രതിയെന്നാണ് സി.ബി.ഐയുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.