പ്രതി സഞ്ജയ് റോയിയും മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷും

കൊൽക്കത്ത ബലാത്സംഗക്കൊല: രണ്ടാം റൗണ്ട് നുണപരിശോധന തുടങ്ങി

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ മുഖ്യ പ്രതി സഞ്ജയ് റോയി, മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെടെ അഞ്ചുപേരുടെ രണ്ടാംഘട്ട നുണ പരിശോധന തുടങ്ങി. മുൻ പ്രിൻസിപ്പൽ കഴിഞ്ഞ പത്തുദിവസമായി ചോദ്യം ചെയ്യലിൽ വൈരുധ്യമുള്ള മറുപടികളാണ് നൽകിയിരുന്നത്.

ആഗസ്റ്റ് ഒമ്പതിനാണ് സെമിനാർ ഹാളിൽ ഡോക്ടർ ബലാത്സംഗത്തിനിരയായത്. സംഭവം രാജ്യവ്യാപകമായി ഡോക്ടർമാരുടെയും പൊതുജനങ്ങളുടെയും സമരത്തിന് കാരണമായി. അതിനിടെ, കോളജുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറികളും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, വൈസ് പ്രിൻസിപ്പൽ സഞ്ജയ് വശിഷ്ട് എന്നിവരുടെ വീടുകൾ ഉൾപ്പെടെ 13 കേന്ദ്രങ്ങളിൽ ഞായറാഴ്ച സി.ബി.ഐ റെയ്ഡ് നടത്തി. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അക്തർ അലി ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.

സമരം വ്യാപിപ്പിക്കാൻ ബി.ജെ.പി

കൊൽക്കത്ത: ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നീതിതേടി ബി.ജെ.പി ബുധനാഴ്ച മുതൽ വ്യാപക സമരത്തിനൊരുങ്ങുന്നു. സെപ്റ്റംബർ നാലുവരെ സംസ്ഥാന വ്യാപകമായി വിവിധ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ സുകന്ത മജുംദാർ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പരാജയമായ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 28ന് കൊൽക്കത്തയിലെ മൈതാനത്ത് കുത്തിയിരിപ്പ് സമരത്തോടെയാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. അതേദിവസം പാർട്ടി വനിത വിഭാഗം സംസ്ഥാന വനിത കമീഷൻ ഓഫിസ് ഉപരോധിക്കും. 29ന് ജില്ല മജിസ്ട്രേറ്റ് ഓഫിസുകളിൽ ഘെരാവോ നടത്തും. സെപ്റ്റംബർ രണ്ടിന് കലക്ടറേറ്റിനുമുന്നിൽ സമരം നടത്തും. സെപ്റ്റംബർ നാലിന് സംസ്ഥാന വ്യാപകമായി വിവിധയിടങ്ങളിൽ ഒരു മണിക്കൂർ ഗതാഗതം സ്തംഭിപ്പിക്കുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

Tags:    
News Summary - Kolkata rape-murder: CBI conducts second round of polygraph tests on RG Kar hospital ex-principal, others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.