കൊൽക്കത്ത: ആർ.ജി കർ ആശുപത്രിയിൽ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടുണ്ടെന്ന് കുടുംബത്തിന്‍റെ ആരോപണം. കൊൽക്കത്ത ഹൈകോടതിയിൽ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് കൂട്ടബലാത്സംഗം നടന്നെന്ന സംശയം ഉന്നയിച്ചത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇവർ ചൂണ്ടിക്കാട്ടി.
അതേസമയം, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ശരീരത്തിൽ നിന്ന് ലഭിച്ച സ്രവത്തിന്‍റെ അളവ് കൂട്ടബലാത്സംഗത്തിന്‍റെ സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് സർക്കാർ ഡോക്ടർമാരുടെ ദേശീയ സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. സുബർണ ഗോസ്വാമി ചൂണ്ടിക്കാട്ടി. 151 ഗ്രാം സ്രവമാണ് ഡോക്ടറുടെ ശരീരത്തിൽ നിന്ന് ലഭിച്ചത്. ഇത്രയും കൂടിയ അളവ് ഒരു പുരുഷന്‍റേത് മാത്രമായിരിക്കില്ല. കൂടുതൽ പേർ കൊലപാതകത്തിൽ പങ്കെടുത്തെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് ഇവർ പറഞ്ഞു. ഡോക്ടറുടെ ദേഹത്തെ മുറിവുകളും ശരീരത്തിൽ നടത്തിയ ബലപ്രയോഗത്തിന്‍റെ അളവും ഇതിലേക്കാണ് വിരൽചൂണ്ടുന്നതെന്നും ഇവർ പറഞ്ഞു.
വനിതാ ഡോക്ടറെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതിക്രൂരമായ ബലാത്സംഗത്തിനും ഇരയായി. സ്വകാര്യഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വയറ്റിലും കഴുത്തിലും മർദനമേറ്റിരുന്നു. കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറിയിട്ടുണ്ട്. മരണം സംഭവച്ചത് പുലർച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് കൊൽക്കത്ത ഹൈകോടതി കഴിഞ്ഞ ദിവസം സി.ബി.ഐക്ക് വിട്ടിരുന്നു. കേസന്വേഷണത്തിൽ സംസ്ഥാന പൊലീസിന് ഗുരുതരമായ വീഴ്ചകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിലാണ് 28കാരിയായ ഡോക്ടറുടെ മൃതദേഹം ആഗസ്റ്റ് ഒമ്പതിന് രാവിലെ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. കൂടുതൽ പേർ സംഭവത്തിൽ പങ്കാളിയാണോയെന്നാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ സംസ്ഥാനവ്യാപകമായി വൻ പ്രതിഷേധമുയർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.