കൊൽക്കത്ത: ഹിജാബ് ധരിക്കരുതെന്ന നിർദേശം ലഭിച്ചതിന് പിന്നാലെ ജോലി രാജിവെച്ച് കൊൽക്കത്തയിലെ ലോ കോളേജ് അധ്യാപിക. ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് ഒഴിവാക്കണമെന്ന സ്ഥാപനത്തിന്റെ നിർദേശത്തിന് പിന്നാലെയാണ് അധ്യാപികയായ സഞ്ജിദ ഖാദറിന്റെ രാജിയെന്നാണ് റിപ്പോർട്ട്. സംഭവത്തിനെതിരെ വിമർശനം രൂക്ഷമായതോടെ ആശയവിനിമയത്തിൽ സംഭവിച്ച പിശകാണെന്നായിരുന്നു കോളേജ് അധികൃതരുടെ പ്രതികരണം. രാജിക്കത്ത് പിൻവലിച്ചെന്നും ചൊവ്വാഴ്ച മുതൽ അധ്യാപിക ജോലിക്ക് തിരിച്ചെത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മൂന്ന് വർഷത്തോളമായി സഞ്ജിത എൽ.ജെ.ഡി ലോ കോളേജിലെ അധ്യാപികയായി പ്രവർത്തിച്ചുവരികയാണ്.
മെയ് 31ന് ശേഷം ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന് കോളേജ് അധികൃതർ നിർദേശം നൽകിയിരുന്നു. പിന്നാലെ ജൂൺ അഞ്ചിനാണ് സഞ്ജിത ഖാദർ ജോലി രാജി വെക്കുന്നത്.
കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഉത്തരവ് തന്റെ മതവികാരങ്ങളേയും മതമൂല്യങ്ങളേയും വ്രണപ്പെടുത്തിയെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം. രാജി പരസ്യമായതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിരുന്നു. ഹിജാബ് വിലക്കിയിട്ടില്ലെന്നും തുണി ഉപയോഗിച്ച് തലമുടി മറക്കാൻ അനുവാദമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കോളേജ് എല്ലവരുടേയും മതവികാരത്തെയും മൂല്യങ്ങളേയും ബഹുമാനിക്കുന്നുണ്ട്. ആശയവിനിമയത്തിൽ സംഭവിച്ച പിശക് മാത്രമാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.